‘മൂന്ന് പേരും ഈ റൂമില്‍ താമസിക്കുകയാണെങ്കിലും ഓരോരുത്തരും ദിവസവും 10,300 രൂപ വാടകയായി നല്‍കണം’; ആശുപത്രിയിലെ തട്ടിപ്പിനെക്കുറിച്ച് നടന്‍

0

കൊവിഡ് വൈറസ് വ്യാപനത്തിന്റെ മറവില്‍ ചില ആശുപത്രികളില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ എബ്രഹാം കോശി രംഗത്ത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ തനിക്കും കുടുംബത്തിനും ആശുപത്രി എഴുതി നല്‍കിയത് ഭീമമായ ബില്ലാണെന്നും വീടുവിറ്റാല്‍ പോലും ഇത് അടയ്ക്കാന്‍ കഴിയില്ലെന്നും താരം പറയുന്നു. റിട്ടേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എബ്രഹാം കോശി കഴിഞ്ഞ ജനുവരി 28 നാണ് കൊവിഡ് സ്ഥിരീകരിച്ച് ഒരു സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ അഡ്മിറ്റായത്. ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് തട്ടിപ്പിനെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്.

വീഡിയോയില്‍ പറയുന്നത്: ‘ഞാന്‍ എബ്രഹാം കോശി. 69 വയസ്സുള്ള റിട്ടേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. 28/01/2021ല്‍ എനിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഞാന്‍ ഒരു സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലില്‍ അഡ്മിഷന്‍ തേടി. അവിടെ ജനറല്‍ വാര്‍ഡില്‍ താമസിച്ച് വരവേ എന്റെ ഭാര്യക്കും മകളുടെ കുട്ടിക്കും കൊവിഡ് സംശയിച്ചത് കാരണം 30/01/2021ല്‍ അവര് ഹോസ്പിറ്റലില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ആവുകയും 31ല്‍ അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടറുടെ അഭിപ്രായം അനുസരിച്ച് ഞങ്ങള്‍ എല്ലാവരും കൂടി ഒരു മുറിയിലേക്ക് മാറുകയും ചെയ്തു. മറ്റ് മുറികള്‍ ഇല്ലാഞ്ഞത് കൊണ്ട് ഒരു എ സി റൂം ആണ് കിട്ടിയത്. വാടക, 10,300 രൂപയാണ് ദിവസം.

ഈ മുറി വാടകയില്‍ ഡോക്ടറുടെ ഫീസും നഴ്‌സിന്റെ ഫീസും മുറി വാടകയും മാത്രമാണ് അടങ്ങുന്നത്. ടെസ്റ്റും കാര്യങ്ങളും ഒന്നും അതില്‍ അടങ്ങില്ല. ഞങ്ങള്‍ മൂന്ന് പേരും തിരിച്ചെത്തിയശേഷം രണ്ടാം തീയതി അവര്‍ ഒരു പാര്‍ട്ട് ബില്‍ തന്നു. 2,40,000 രൂപയാണ് അതിന്റെ ബില്‍. അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ മൂന്ന് പേരും ഈ റൂമില്‍ താമസിക്കുകയാണെങ്കിലും ഓരോരുത്തരും ദിവസവും 10,300 രൂപ വാടകയായി നല്‍കണം. ഒരു ദിവസം 31,000 രൂപ വാടകയിനത്തില്‍ തന്നെ നല്‍കേണ്ടതായി വരുന്നു. ഓരോരുത്തരും മുഴുവന്‍ വാടകയും നിര്‍ബന്ധമായും കൊടുക്കണമെന്ന് തന്നെ അവര്‍ പറഞ്ഞു.

നഴ്‌സുമാര്‍ക്ക് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കേണ്ടത് രോഗികളാണെന്ന് ബോധ്യമുണ്ട്. 2 നഴ്‌സുമാര്‍ ആണുള്ളത്. ദിവസവും രണ്ട് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. ഈ സിസ്റ്റര്‍ 10 പേരെയെങ്കിലും ദിവസവും പരിചരിക്കുന്നുണ്ട്. പത്ത് പേരും പി പി ഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. 20 കിറ്റ് ഒരു ദിവസത്തേക്ക് 2 നഴ്‌സുമാര്‍ക്ക് വാങ്ങിച്ച് കൊടുത്താലും ഒരു ദിവസം ചെലവാകുന്നത് 2 കിറ്റ് മാത്രം. ഇക്കാര്യത്തിലും കൊവിഡിന്റെ പേരില്‍ ഭൂലോകവെട്ടിപ്പ് നടക്കുകയാണ്. ഏറ്റവും വലിയ പ്രശ്‌നം 30,000 രൂപ ഒരു ദിവസത്തെ വാടക തന്നെ കൊടുക്കുക എന്ന് പറഞ്ഞാല്‍ സാധ്യമായ കാര്യമല്ല. ഇനി പതിനാല് ദിവസം ഇവിടെ കിടക്കേണ്ടി വരും. എന്റെ കുടുംബം വിറ്റാല്‍ പോലും ബില്‍ അടയ്ക്കാന്‍ കഴിയില്ല. എന്ന് പറഞ്ഞ് കൊണ്ടാണ് ആദ്യ വീഡിയോ അവസാനിപ്പിക്കുന്നത്.

പിന്നീട് താന്‍ തെറ്റിധരിക്കപ്പെട്ടു എന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം മറ്റൊരു വീഡിയോ പങ്കുവെയ്ക്കുന്നുണ്ട്.. മുറി വാടക 1600 രൂപ മാത്രമാണെന്നും ബാക്കി ചികിത്സാച്ചെലവുകളാണെന്നും നടന്‍ പറയുന്നു്. ആദ്യം ബില്‍ ചോദിച്ചപ്പോള്‍ ഇത്തരത്തില്‍ സ്പ്ലിറ്റ് ചെയ്തു പറയാഞ്ഞതാണ് താന്‍ തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമായതെന്നും അദ്ദേഹം രണ്ടാമത്തെ വീഡിയോയില്‍ പറയുന്നുണ്ട്.