ജഗദീഷിനേയും സിദ്ദിഖിനേയും നായകരാക്കി സിനിമയെടുത്തതിന് പിന്നിലെ രഹസ്യം പറഞ്ഞ് കലൂര്‍ ഡെന്നീസ്

0

മലയാളികള്‍ക്ക് സുപരിചിതനായി മാറിയ എഴുത്തുകാരനാണ് കലൂര്‍ ഡെന്നീസ്. തിരക്കഥാകൃത്തായും പ്രവര്‍ത്തിക്കാറുണ്ട് അദ്ദേഹം. മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥകൃത്താണ് കലൂര്‍ ഡെന്നീസ്. എഴുത്തിന് പുറമെ അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അദ്ദേഹം. സിനിമാജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്. അദ്ദേഹം. ജഗദീഷിനെയും സിദ്ദീഖിനെയും നായകന്‍മാരാക്കി സിനിമയെടുത്ത സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ കലൂര്‍ ഡെന്നീസ്.

മമ്മൂട്ടിയുമായി തനിക്ക് അകലേണ്ടി വന്ന സഹചര്യത്തിലാണ് ജഗദീഷിനെയും സിദ്ദീഖിനെയുമെല്ലാം നായകന്‍മാരാക്കാന്‍ ആലോചിച്ചതെന്ന് കലൂര്‍ ഡെന്നീസ് പറയുന്നു. ‘മമ്മൂട്ടിയുമായുള്ള അകല്‍ച്ചക്കുശേഷം രണ്ടാംനിര നടന്മാരെ വെച്ച് ലോ ബജറ്റ് സിനിമ എടുത്ത് വിജയിപ്പിക്കണമെന്നത് എന്റെ തീരുമാനമായിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജയറാമിന്റെയും മുകേഷിന്റെയുമൊക്കെ സിനിമകളിലെ കൂട്ടാളി കഥാപാത്രങ്ങളായി നടന്നിരുന്ന ജഗദീഷിനെയും സിദ്ദീഖിനെയും നായകന്‍മാരാക്കാന്‍ വേണ്ടി എനിക്ക് ഒത്തിരി പണിപ്പെടേണ്ടി വന്നിട്ടുണ്ട്. 1990 മുതല്‍ 98 വരെ മലയാള സിനിമയില്‍ കച്ചവട മൂല്യവര്‍ധനയുണ്ടാക്കിയ ഒരു പിടി ലോബജറ്റ് ചിത്രങ്ങള്‍ എന്റേതായി പുറത്തിറങ്ങിയ വര്‍ഷങ്ങളായിരുന്നു.

മോഹന്‍ലാലിനൊപ്പം

തൂവല്‍സ്പര്‍ശം, മിമിക്സ് പരേഡ്, സണ്‍ഡേ 7 പി.എം, ഗജകേസരി യോഗം, കാസര്‍കോട് കാദര്‍ ഭായ് തുടങ്ങി നാല്‍പ്പത്തഞ്ചോളം സിനിമകള്‍ എന്റേതായി ഈ വര്‍ഷങ്ങളില്‍ പുറത്തിറങ്ങി. ഇവയില്‍ രണ്ടോ മൂന്നോ ചിത്രങ്ങളൊഴികെ മറ്റുള്ളവയെല്ലാം വിജയങ്ങളായിരുന്നു. ഇതില്‍ ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ ജഗദീഷായിരുന്നു നായകന്‍. പതിനഞ്ച് ചിത്രങ്ങളില്‍ സിദ്ദീഖും നായകനായി’. കലൂര്‍ ഡെന്നീസ് പറയുന്നു.

മികച്ച നടന്‍

മമ്മൂട്ടിയുമുള്ള സൗഹൃദത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമെല്ലാം നേരത്തെ കലൂര്‍ ഡെന്നീസ് തുറന്നുപറഞ്ഞിരുന്നു. കുട്ടി, പെട്ടി, മമ്മൂട്ടി എന്നതായിരുന്നു ഒരുകാലത്തെ സ്ഥിതി. ഇങ്ങനെയുള്ള വിമര്‍ശനം വന്നതോടെ മമ്മൂട്ടിക്കും താല്‍പര്യക്കുറവ് വന്നിരുന്നു. ഇടയ്ക്ക് ഡേറ്റില്ലെന്ന് പറഞ്ഞ് അദ്ദേഹം തന്റെ സിനിമയില്‍ നിന്നും ഒഴിവായിരുന്നു. വേറൊരു ലൊക്കേഷനില്‍ വെച്ചായിരുന്നു അന്നത്തെ സൗന്ദര്യപിണക്കം തീര്‍ന്നതെന്നും മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നു.