‘താരങ്ങളുടെ വളര്‍ച്ചയില്‍ ഞാന്‍ സന്തോഷിക്കുന്നു, അവരുണ്ടെങ്കിലേ സിനിമയുള്ളൂ’; സൈജു കുറുപ്പ് പറയുന്നു

0

മലയാളത്തില്‍ ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന നടന്മാരില്‍ ഒരാളാണ് സൈജു കുറുപ്പ്. സഹനടനായുളള വേഷങ്ങളിലാണ് താരം തിളങ്ങിയത്. ഡ്രൈവിംഗ് ലൈസന്‍സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുളള പുരസ്‌കാരവും നടന് ലഭിച്ചിരുന്നു. താന്‍ എല്ലാ താരങ്ങളുടെ വളര്‍ച്ചയിലും സന്തോഷിക്കുന്ന വ്യക്തിയാണെന്ന് സൈജു കുറുപ്പ് നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കാരണം അവര്‍ ഉണ്ടെങ്കിലെ സിനിമകള്‍ കൂടുതലായി സംഭവിച്ച് തങ്ങളെ പോലെയുളളവര്‍ക്ക് കൂടുതല്‍ അവസരം കിട്ടുകയുളളൂ എന്നായിരുന്നു സൈജുവിന്റെ അഭിപ്രായം.

സൈജുവിന്റെ വാക്കുകള്‍: ‘താരങ്ങള്‍ ഉണ്ടെങ്കിലെ സിനിമാ മേഖല വളരൂ. ഒരു താരമായി നിലനില്‍ക്കുക എന്നത് തലയിലെഴുത്താണ്, ഞാന്‍ എല്ലാ താരങ്ങളുടെ വളര്‍ച്ചയിലും സന്തോഷിക്കുന്ന വ്യക്തിയാണ്. കാരണം അവര്‍ ഉണ്ടെങ്കിലെ സിനിമകള്‍ കൂടുതലായി സംഭവിച്ച് ഞങ്ങളെ പോലെയുളളവര്‍ക്ക് കൂടുതല്‍ അവസരം കിട്ടുകയുളളൂ. താരങ്ങള്‍ ഇല്ലാതെ നടന്മാര്‍ മാത്രമായാല്‍ സിനിമ കുറയും. അപ്പോള്‍ ഈ നടന്മാര്‍ക്ക് തന്നെ അവസരങ്ങള്‍ ഇല്ലാതെയാകും. അതുകൊണ്ട് സിനിമയില്‍ താരങ്ങള്‍ എല്ലാ കാലത്തും സംഭവിച്ചുകൊണ്ടിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന’. അഭിമുഖത്തില്‍ സൈജു കുറുപ്പ് പറഞ്ഞു.

Image result for SAIJU KURUP

‘നായക കഥാപാത്രം അല്ലെങ്കില്‍ കേന്ദ്രകഥാപാത്രം എന്നു പറയുന്നത് വളരെ ഉത്തരവാദിത്വമുള്ള കാര്യമാണ്. സപ്പോര്‍ട്ടിംഗ് റോളുകള്‍ ആണ് എനിക്ക് കുറച്ചു കൂടി സൗകര്യം. കരിയറില്‍ ഇങ്ങനെ എത്തണം, ഇതു പോലെയൊക്കെ ചെയ്യണം എന്നൊന്നും പ്ലാന്‍ ചെയ്യാത്ത വ്യക്തിയാണ് ഞാന്‍. വരുന്നതു പോലെ വരട്ടെ എന്ന് കരുതുന്ന ആളാണ്. വീഴ്ചകള്‍ പറ്റിയാല്‍ അതെന്റെ കുഴപ്പമാണ്, എന്നെ തന്നെയാണ് ഞാന്‍ കുറ്റപ്പെടുത്തുക. അതുകൊണ്ട് ഒന്നും പ്ലാന്‍ ചെയ്യാറില്ല. വരുന്നത് നന്നായി ചെയ്യുക എന്നതാണ് പോളിസി. പിന്നെ എനിക്ക് നായകനാവാന്‍ പൊതുവെ ഒരു ഉള്‍വലിവുണ്ട്.

Image result for SAIJU KURUP

സഹനടനാവുമ്പോള്‍ വേറിട്ട നിരവധി കഥാപാത്രങ്ങളെ ലഭിക്കും. ഞാനത് ആസ്വദിക്കുന്നുണ്ട്. എന്റെ അടുത്ത് കഥ പറയാന്‍ വരുന്നവരോട് ഞാന്‍ പറയാറുണ്ട്, ഒരു നല്ല സ്‌ക്രിപ്റ്റില്‍ ഞാന്‍ നായകനായിട്ട് കാര്യമില്ല. താരമൂല്യമുള്ള ഒരു നായകന്‍ വന്നിട്ടേ കാര്യമുള്ളൂ. നല്ലതിനും അപ്പുറത്തുള്ള ഒരു അത്യുഗ്രന്‍ സ്‌ക്രിപ്റ്റില്‍ ഞാന്‍ നായകനായാല്‍ മാത്രമേ കാര്യമുള്ളൂ, അപ്പോഴെ ആളുകള്‍ തിയേറ്ററില്‍ വരൂ.’ സൈജു കുറുപ്പ് പറയുന്നു.