‘നട്ടെല്ല് നിവര്‍ത്തി, തല ഉയര്‍ത്തി തന്നെയാണ് തപ്‌സി നിങ്ങള്‍ പറഞ്ഞിരിക്കുന്നത്’; തപ്‌സി പന്നുവിന് കയ്യടിച്ച് ആരാധകര്‍

0

കര്‍ഷകസമരത്തിന് അന്താരാഷ്ട്രതലത്തില്‍ നിന്നും പിന്തുണയെത്തിയതിനെ വിമര്‍ശിച്ചും കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചും ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയതില്‍ പ്രതികരിച്ച് നടി തപ്‌സി പന്നു പോസ്റ്റ് ചെയ്ത ട്വീറ്റ് വൈറലാകുന്നു. ‘ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ വ്യാകുലപ്പെടുത്തുന്നുണ്ടെങ്കില്‍, ഒരു തമാശ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കില്‍, നിങ്ങളുടെ മൂല്യങ്ങളെ ശക്തിപ്പെടുത്തേണ്ടത് നിങ്ങളാണ്, അല്ലാതെ, മറ്റുള്ളവര്‍ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രോപഗാണ്ട ടീച്ചര്‍ ആകരുത്” ഇതായിരുന്നു തപ്‌സിയുടെ ട്വിറ്റെര്‍ പോസ്റ്റ്.

നിരവധിയാളുകളാണ് താരത്തിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. നട്ടെല്ല് നിവര്‍ത്തി, തല ഉയര്‍ത്തി തന്നെയാണ് തപ്‌സി നിങ്ങള്‍ പറഞ്ഞിരിക്കുന്നത് എന്നാണ് ആരാധകര്‍ അടക്കമുള്ളവര്‍ പറയുന്നത്. മലയാളത്തില്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍, ഗായിക സയനോര തുടങ്ങി നിരവധിയാളുകളാണ് തപ്‌സിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

‘ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച വരുത്തരുത്. പുറത്തു നിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഒരു രാജ്യം എന്ന നിലയില്‍ നമുക്ക് ഐക്യത്തോടെ നില്‍ക്കാം.’ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി പോപ്പ് ഗായിക റിഹാന രംഗത്തെത്തിയതിനു പിന്നാലെയാണ് സച്ചിന്‍ ട്വീറ്റുമായെത്തിയത്.

അതേസമയം സച്ചിന്റെ വിവാദ ട്വീറ്റിന് പിന്നാലെ നേരത്തേ സച്ചിനെ അറിയില്ലെന്ന പറഞ്ഞ മരിയ ഷറപ്പോവയെ സപ്പോര്‍ട്ട് ചെയ്യുകയാണ് ഇപ്പോള്‍ മലയാളികള്‍. അന്ന് സച്ചിനെ അറിയില്ലെന്ന് പറഞ്ഞത് മഹാ അപരാധമായി കണ്ട മലയാളികള്‍ ഇന്ന് അത് വളരെ നല്ല കാര്യമായിയെന്ന് തിരുത്തിപ്പറയുകയാണ്. നിങ്ങളയാളെ അറിയാതിരുന്നത് നന്നായിയെന്നാണ് മരിയ ഷറപ്പോവയുടെ ഫെയ്‌സ്ബുക്ക് വാളില്‍ മലയാളികള്‍ കമന്റ് ചെയ്യുന്നത്.