‘മരിയ ചേച്ചീ ക്ഷമിക്കണം അന്ന് സച്ചിന്‍ ഭൂലോക ഊളയാണെന്ന് അറിയാതെയാണ് നിങ്ങളെ പൊങ്കാലയിട്ടത്’; വൈറലാകുന്ന കമന്റ്

0

‘മരിയ ചേച്ചീ ..സമസ്താപരാധങ്ങളും പൊറുത്തു ക്ഷമിക്കണം ..അന്ന് സച്ചിന്‍ ഭൂലോക ഊളയാണെന്നു അറിയാതെയാണ് നിങ്ങളെ പൊങ്കാല ഇടാന്‍ കൂടിയത് …ഇന്നലെയാണ് അയാള്‍ നട്ടെല്ലില്ലാത്തവന്‍ ആണെന്ന് അറിഞ്ഞത് . ചേച്ചി അയാളെ അറിയാതിരുന്നത് നന്നായി … ക്ഷമിക്കണം ചേച്ചീ ..ചേച്ചിക്ക് പൊങ്കാല ഇട്ടത് എന്റെ പിഴ ..എന്റെ പിഴ ..എന്റെ വലിയ പിഴ’. മരിയ ഷറപ്പോവയുടെ ഫെയ്‌സ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ഒരു കമന്റാണിത്. വളരെ പെട്ടന്നാണ് ഈ കമന്റ് വൈറലായത്.

ജോബി തോമസ് എന്ന പേരിലുള്ള ഫേസ്ബുക്ക് ഉപഭോക്താവാണ് മരിയ ഷറപ്പോവയുടെ ഫേസ്ബുക് പോസ്റ്റിന് കീഴെ ഈ കമന്റ് കുറിച്ചിരിക്കുന്നത്. 2014 ല്‍ തനിക്ക് സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയെ പൊങ്കാലയിട്ടതിനാണ് ഫെയ്‌സ്ബുക്ക് ഉപഭോക്താവ് ക്ഷമ ചോദിച്ചിരിക്കുന്നത്. അന്ന് സച്ചിനെ അറിയില്ലെന്ന് പറഞ്ഞത് മഹാ അപരാധമായി കണ്ട മലയാളികള്‍ ഇന്ന് അത് വളരെ നല്ല കാര്യമായിയെന്ന് തിരുത്തിപ്പറയുകയാണ്.

ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി പോപ്പ് ഗായിക റിഹാന രംഗത്തെത്തിയതിനു പിന്നാലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ചെയ്ത ട്വീറ്റാണ ്‌വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ‘ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച വരുത്തരുത്. പുറത്തു നിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഒരു രാജ്യം എന്ന നിലയില്‍ നമുക്ക് ഐക്യത്തോടെ നില്‍ക്കാം.’ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

കഴിഞ്ഞ രണ്ട് മാസത്തോളമായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെപ്പറ്റി ഒന്നും പറയാതിരുന്ന സച്ചിന്‍ റിഹാനയുടെ ട്വീറ്റിന് പരോക്ഷ മറുപടിയായി എത്തിയതാണ് മലയാളികളെ ചൊടിപ്പിച്ചത്. മലയാളികളെ മാത്രമല്ല രാജ്യത്തിന്റെ പല ഭാഗത്തുനിന്നും സച്ചിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇങ്ങനെയാണ് ഒരര്‍ത്ഥത്തില്‍ സച്ചിന്റെ ട്വീറ്റ് മരിയ ഷറപ്പോവയ്ക്ക് ഗുണകരമായത്.

റഷ്യന്‍ ടെന്നീസ് താരമായ മരിയ ഷറപ്പോവ 2014-ലാണ് വിമ്പിള്‍ഡണില്‍ തന്റെ കളി കാണാന്‍ വന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയാമോ എന്ന മാധ്യമപ്രവര്‍ത്തന്റെ ചോദ്യത്തിന് അറിയില്ല എന്ന മറുപടി നല്‍കിയത്. ഒപ്പം കളി കാണാന്‍ വന്ന ഇംഗ്ലീഷ് ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാമിനെ അറിയാം എന്നും കൂടി ഷറപ്പോവ പറഞ്ഞതോടെ സച്ചിന്‍ ആരാധകരുടെ രോഷം ഷറപ്പോവ കണ്ടു. താരത്തിന്റെ ഫേസ്ബുക് പേജില്‍ ധാരാളം പേരാണ് വിമര്‍ശനവുമായെത്തിയത്. കൂട്ടത്തില്‍ പൊങ്കാലയുമായി മലയാളികളായിരുന്നു മുന്നില്‍. പക്ഷെ കഴിഞ്ഞ ദിവസം സച്ചിന്റെ ട്വീറ്റ് വന്നതോടെ ഷറപ്പോവ താരമായി.