‘അങ്ങനെ ഞങ്ങള്‍ യെസ് പറഞ്ഞു, ഒരുപാട് ഇഷ്ടം റെബാ’; വിവാഹ വാര്‍ത്ത പുറത്തുവിട്ട് റെബ മോണിക്ക ജോണിന്റെ പ്രതിശ്രുത വരന്‍

0

മലയാളത്തിന്റെ പ്രീയ താരം റെബ മോണിക്ക ജോണ്‍ വിവാഹിതയാകുന്നു. മഴവില്‍ മനോരമയിലെ മിടുക്കി റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് റെബ മോണിക്ക ജോണ്‍. നിവിന്‍ പോളി ചിത്രം ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ദളപതി വിജയുടെ ബിഗില്‍ എന്ന ചിത്രത്തിലെ കഥാപാത്രവും നടിക്ക് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്തു. മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം ഫോറന്‍സിക്ക് എന്ന ചിത്രമാണ് റെബ മോണിക്ക ജോണിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്.

റെബ മോണിക്ക ജോണിന്റെ പിറന്നാള്‍ ദിവസമായ ഇന്നാണ് താരം തന്റെ വിവാഹ വാര്‍ത്തയും പുറത്ത് വിട്ടിരിക്കുന്നത്. ദുബായ് സ്വദേശിയായ ജോയ്മോന്‍ ജോസഫാണ് റെബയുടെ പ്രതിശ്രുത വരന്‍. വിവാഹത്തിന് റെബ സമ്മതം മൂളിയതായി ജോയ്മോന്‍ തന്നെയാണ് അറിയിച്ചത്. നടിയുടെ പിറന്നാള്‍ ആഘോഷ സമയത്താണ് ഇരുവരും വിവാഹ കാര്യം പങ്കുവെച്ചത്. പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ജോയ്മോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ചിത്രങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും ജോയ്‌മോന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. ‘അങ്ങനെ ഞങ്ങള്‍ യെസ് പറഞ്ഞു, സംഭവിച്ചത് ഓര്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്നു. കോവിഡും ലോക്ഡൗണും മൂലമുണ്ടായ പ്രത്യേക സാഹചര്യത്തില്‍ നീണ്ട ആറുമാസത്തിന് ശേഷമാണ് ദുബായില്‍ വെച്ച് ഞങ്ങള്‍ വീണ്ടും കാണുന്നത്. ഒരു രാത്രിയില്‍ രണ്ട് പേരും ഒരുപോലെ പ്രൊപ്പൊസ് ചെയ്യാനുളള സാധ്യത എത്രത്തോളമായിരിക്കും?. എന്റെ ജീവിതത്തില്‍ സംഭവിച്ച വിചിത്രമായ യാദൃശ്ചികത. അതൊരിക്കലും മറക്കുകയുമില്ല. ഞങ്ങളുടെ ജീവിതത്തിലെ എറ്റവും മനോഹരമായ രാത്രി. ഈ ഓര്‍മ്മകള്‍ എന്നെന്നും എന്നിലുണ്ടാകും. ഇനി എന്തൊക്കെയാണ് ജീവിതം ഞങ്ങള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത്. ഒരുപാട് ഇഷ്ടം റെബാ, ജന്മദിനാശംസകള്‍ എന്നാണ് ജോയ്മോന്‍ ജോസഫ് കുറിച്ചത്.