മാമാങ്കം എന്ന തന്റെ ഡാന്‍സ് കമ്പനി താല്‍ക്കാലികമായി അടച്ചുപൂട്ടുകയാണെന്ന് നടി റിമ കല്ലിങ്കല്‍. 2014 ല്‍ ആണ് റിമ തന്റെ സ്വപ്നസംരംഭമായ മാമാങ്കം ആരംഭിക്കുന്നത്. സ്റ്റുഡിയോ നിര്‍ത്തിയാലും മാമാങ്കം ഡാന്‍സ് കമ്പനിയുടെ പ്രവര്‍ത്തനം തുടരുമെന്നും റിമ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്നാണ് സ്ഥാപനം അടച്ചു പൂട്ടുന്നതെന്ന് റിമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘കൊവിഡ് വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മാമാങ്കം സ്റ്റുഡിയോയും ഡാന്‍സ് ഡിപ്പാര്‍ട്ടുമെന്റും അടച്ച് പൂട്ടാന്‍ ഞാന്‍ തീരുമാനിച്ചത്. ഈ സംരംഭം സ്നേഹത്തിന്റെ പുറത്ത് കെട്ടിപ്പൊക്കിയതായിരുന്നു. കൂടാതെ ഈ സ്ഥലവുമായി ബന്ധപ്പെട്ട് നിരവധി ഓര്‍മകളുമുണ്ട്. ഹൈ എനര്‍ജി ഡാന്‍സ് ക്ലാസുകള്‍ , ഡാന്‍സ് റിഹേഴ്സലുകള്‍, ഫിലിം സക്രീനിംഗ്, വര്‍ക്ക് ഷോപ്പുകള്‍ എന്നിങ്ങനെ എല്ലാം എല്ലായിപ്പോഴും ഞങ്ങളുടെ ഹൃദയത്തില്‍ തന്നെയുണ്ടാകും.’
മാമാങ്കത്തെ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എന്റെ കൂടെനിന്ന എല്ലാവ്യക്തികളോടും ഈ അവസരത്തില്‍ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്റെ ടീമിനും വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷാധികാരികള്‍ക്കും ഞങ്ങളെ പിന്തുണച്ച എല്ലാവര്ക്കും നന്ദി.സ്റ്റേജുകളിലൂടേയും സ്ക്രീനുകളിലൂടെയും മാമാങ്കം ഡാന്‍സ് കമ്പനി ഇനിയും മുന്നോട്ട് പോകും’ റിമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.