അമ്മയായ സന്തോഷം പങ്കുവെച്ച് കുടുംബവിളക്കിലെ ശ്വേത; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

0

മലയാളത്തിലെ ഏറ്റവും ഹിറ്റ് പരമ്പരകളിലൊന്നായ കുടുംബവിളക്കിന്റെ തുടക്ക സമയത്ത് മുതല്‍ ഉണ്ടായിരുന്ന താരമാണ് ശ്വേത വെങ്കട്ട്. വേദിക എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്വേത പ്രേക്ഷകരുടെ പ്രശംസ നേടിയെടുത്തത്. മലയാളം അറിയാത്ത വ്യക്തിയാണെങ്കിലും വളരെ കുറഞ്ഞ നാളുകള്‍ കൊണ്ട് ശ്വേതയ്ക്ക് മലയാള പ്രേക്ഷകര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്നു. ചെന്നൈ സ്വദേശിനിയായ ശ്വേത തമിഴ് സിനിമാ- സീരിയല്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അവിടെ നിന്നുമാണ് കുടുംബവിളക്കില്‍ അഭിനയിക്കാന്‍ കേരളത്തിലേക്കും അവസരമെത്തുന്നത്.

സീരിയലില്‍ നിറഞ്ഞ് നിന്ന സമയത്താണ് കൊറോണ കാരണം ലോക്ഡൗണ്‍ വരുന്നത്. അതിന് ശേഷമാണ് നടി സീരിയലില്‍ നിന്നും പിന്മാറിയത്. ശക്തമായ കഥാപാത്രത്തില്‍ നിന്നുള്ള ശ്വേതയുടെ പിന്മാറ്റം ആദ്യം പ്രേക്ഷകര്‍ക്കും ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പിന്നീടാണ് ഗര്‍ഭിണിയായതിനെത്തുടര്‍ന്നാണ് താരം പരമ്പരയില്‍ നിന്ന് പിന്മാറിയതെന്ന് അറിഞ്ഞത്. നിലവില്‍ ശരണ്യ ആനന്ദാണ് ശ്വേത അവതരിപ്പിച്ച വേദികയായിട്ടെത്തുന്നത്. വലിയ സ്വീകാര്യതയാണ് ഈ കഥാപാത്രത്തിന് ഇപ്പോഴും ലഭിക്കുന്നതും.

ഇപ്പോള്‍ കുഞ്ഞ് ജനിച്ചുവെന്ന സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരം. ബേബി ഷവര്‍ പാര്‍ട്ടിയ്ക്കിടെ നിറവയറില്‍ ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് തങ്ങള്‍ക്കൊരു കുഞ്ഞു ജനിച്ചെന്ന വിവരം ശ്വേത പറഞ്ഞത്. ആണ്‍കുഞ്ഞാണ്. മലയാളികളടക്കം നിരവധി ആരാധകരാണ് ശ്വേതയ്ക്കും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.