‘എനിക്കൊരു പ്രണയമുണ്ട്, പക്ഷേ അത് കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെയാണ്’; വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് സ്വാസിക

0

മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച നടിയാണ് സ്വാസിക. പുരസ്‌കാരം ലഭിച്ച സന്തോഷത്തിലെടുത്ത ചില ചിത്രങ്ങള്‍ സ്വാസിക വീണ്ടും പ്രണയത്തിലാണെന്ന തലക്കെട്ടോടെയാണ പ്രചരിച്ചത്. നടനും എഴുത്തുകാരനുമായ ബദ്രിനാഥിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇതിന് കാരണമായത്. വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വാസിക.

സ്വാസികയുടെ വാക്കുകള്‍: ‘ഒരു വാര്‍ത്തയുടെ പിന്നാലെ ഉള്ള ഓട്ടത്തിലാണ് എല്ലാവരും. എന്റെ വിവാഹം ഉറപ്പിച്ചു, നിശ്ചയം കഴിഞ്ഞു, പെണ്ണുകാണല്‍ കഴിഞ്ഞു എന്ന് തുടങ്ങിയ രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. സത്യത്തില്‍ അങ്ങനെയൊന്നും ഇല്ല.അത്തരമൊരു തീരുമാനം ഇനിയും നമ്മള്‍ എടുത്തിട്ടില്ല. പെട്ടെന്ന് ഒരു വിവാഹ കാര്യം ഞങ്ങള്‍ ഫിക്സ് ചെയ്തിട്ടുമില്ല. ഈ വ്യക്തിയുമായിട്ട്, അതായത് ബദ്രിനാഥുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള പരിചയമാണ്. ഞങ്ങളൊരുമിച്ച് ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഞങ്ങള്‍ ഒരുമിക്കുകയാണിപ്പോള്‍. നിലവില്‍ ഒരു വെബ് സീരീസ് ഒരുമിച്ചു ചെയ്ത് കൊണ്ടിരിക്കുകയാണ്. ആ ഷൂട്ടിങ് സ്ഥലത്ത് വച്ചെടുത്ത ചിത്രമാണ് ഇത്. ഈ പത്ത് വര്‍ഷമായിട്ടുള്ള പരിചയം, ഒരു സൗഹൃദ ബോണ്ടിങ്, ഒക്കെയാണ്. അല്ലെങ്കില്‍ ചില സുഹൃത്ത് ബന്ധം ഒരു നോര്‍മല്‍ സൗഹൃദത്തിന് അപ്പുറം ഡീപ്പ് റിലേഷന്‍ പോലെ ആയിരിക്കും. അങ്ങനെ ഒരു വ്യക്തി എന്ന നിലയിലും നടനായും എനിക്ക് ഒരുപാട് പിന്തുണ നല്‍കുന്ന ആളാണ് ബദ്രി. അതുകൊണ്ടാണ് ഫോട്ടോ ഇട്ടിട്ടപ്പോള്‍ അങ്ങനെ എഴുതിയത്.

ആ ക്യാപ്ഷന്‍ കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് അതാണ്. പിന്നെ കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉള്ള അഭിമുഖം എടുത്തു നോക്കിയാലും നിങ്ങള്‍ക്ക് അറിയാം പ്രണയത്തെ കുറിച്ചു ചോദിക്കുമ്പോള്‍ എന്താണ് പറയുന്നതെന്ന്. സത്യത്തില്‍ എന്റെ മനസ്സില്‍ ഒരു ഇഷ്ടം ഉണ്ട്, പ്രണയം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് കയ്യാലപുറത്തിരിക്കുന്ന തേങ്ങാ മാതിരി ആണെന്നും പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഇപ്പോഴത്തെ സാഹചര്യവും.

എന്റെ മനസ്സില്‍ ഒരു ഇഷ്ടം ഉണ്ട്. പക്ഷെ അത് കല്യാണത്തിലേക്ക് എത്തുമോ എന്ന് പറയാന്‍ ആകില്ല. കാരണം അതിന് കുടുംബത്തിന്റെ പിന്തുണ കൂടി പ്രധാന്യമുള്ളതാണ്. ഒപ്പം ജാതകവും പ്രധാനമാണ്. ഞാന്‍ അതിലൊക്കെ പ്രാധാന്യം കൊടുക്കുന്ന ഒരാള്‍ കൂടിയാണ്. എല്ലാം കൊണ്ടും എല്ലാം ഒത്തു വരികയാണെങ്കില്‍ മാത്രമാണ് കല്യാണത്തിലേക്ക് എത്തിപെടുകയള്ളു.

തല്‍കാലത്തേക്ക് ഇപ്പോള്‍ ഒരു വിവാഹത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. പിന്നെ ഒരു ഇഷ്ടമുണ്ട്. അത് എനിക്ക് തുറന്ന് പറയാന്‍ മടിയില്ല. ഇതിനു മുന്‍പും ഇതേ കാര്യം ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് എന്താകും എന്നത് ദൈവത്തിന്റെ കൈയ്യില്‍ ആണ്. അത് വരുന്ന വഴിക്ക് കാണാം എന്നേ ഉള്ളൂ.’ സ്വാസിക പറഞ്ഞു.