മലയാള സിനിമയില്‍ ഇന്നും പകരം വെക്കാനില്ലാത്ത പ്രതിഭകളില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങി നില്ക്കുന്ന സമയത്താണ് ജീവിതത്തിലെ വില്ലന്‍ വാഹനാപകടത്തിന്റെ രൂപത്തിലെത്തിയത്. ആ അപകടം അദ്ദേഹത്തിന് സിനിമയില്‍ നല്‍കിയത് വളരെ വലിയ ഇടവേളയാണ്. സിനിമാക്കാരും പ്രേക്ഷകരും ഒരുപോലെ ഇപ്പോഴും കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്.
ജഗതി ശ്രീകുമാറിനൊപ്പം അനുഭവിച്ച ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടി പൊന്നമ്മ ബാബു. ജഗതി ശ്രീകുമാറിനൊപ്പം നിരവധി സിനിമകളില്‍ ഒപ്പം അഭിനയിച്ചിട്ടുളള താരമാണ് പൊന്നമ്മ ബാബു. മേരിക്കുണ്ടൊരു കുഞ്ഞാട് പോലെയുളള സിനിമകളിലെ ഇവരുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. തന്റെ സിനിമാ ജീവിതത്തില്‍ ഒരുപാട് പിന്തുണ നല്കിയിട്ടുളള വ്യക്തിയാണ് അമ്പിളി ചേട്ടനെന്ന് നടി പറയുന്നു.
പൊന്നമ്മ ബാബുവിന്റെ വാക്കുകള്‍: ‘ഞാന്‍ അത്രത്തോളം ആരാധിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അമ്പിളി ചേട്ടന്റെ തിരിച്ചുവരവിനായി ഓരോ ദിവസവും പ്രാര്‍ത്ഥിക്കാറുണ്ട്. അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.
അമ്പിളി ചേട്ടന് അപകടം പറ്റുന്നതിന് കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇന്നസെന്റ് ചേട്ടനും ഞാനും അമ്പിളി ചേട്ടനുമൊക്കെ ഒന്നിച്ച് അഭിനയിച്ച ഞാന്‍ ഇന്നസെന്റാണ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ അവസാനമായി കണ്ടുപിരിഞ്ഞത്. എന്റെ ഭാഗം കഴിഞ്ഞു ഇനി ഞാന്‍ പോട്ടെ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം എന്തോ പതിവില്ലാതെ എന്റെ തലയില്‍ കൈവച്ചിട്ട് പറഞ്ഞു. പൊന്നമ്മ നന്നായി വരും. ആ വാക്കുകള്‍ ഇന്നും എന്റെ മനസിലുണ്ട് എന്ന് പൊന്നമ്മ ബാബു പറഞ്ഞു. മലയാളത്തിലെ അതുല്യ നടന് അമ്പിളി ചേട്ടന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.’