‘മഞ്ജു വാര്യരുടെ ഫോട്ടോ കണ്ടാല്‍ അനുവാദം വാങ്ങിയോ അടിച്ചു മാറ്റിയോ ഞാന്‍ കൈക്കലാക്കിയിരുന്നു’; വൈറലാകുന്ന കുറിപ്പ്

0

സ്‌ക്രീനില്‍ മാത്രം കണ്ട് പരിചയമുള്ള താരങ്ങളോട് വല്ലാത്തൊരു ആരാധനയാണ് പ്രേക്ഷകര്‍ക്ക്. സിനിമ കാണുന്നവരില്‍ പലരും കഥയും പാട്ടും ഫോട്ടോഗ്രാഫിയുമൊക്കെ ആസ്വദിക്കുമ്പോള്‍ ചിലര്‍ സിനിമ കാണുന്നത് തങ്ങളുടെ ഇഷ്ട താരങ്ങളെ കാണാന്‍ വേണ്ടി മാത്രമാണ്. സിനിമാ താരങ്ങളോട് ആരാധന മൂത്ത് എന്ത് സാഹസവും കാണിക്കാന്‍ മടിയില്ലാത്തവരാണ് പലരും. താരങ്ങളുടെ ചിത്രങ്ങളില്‍ പാലൊഴിക്കുന്നതും സിനിമാ റിലീസുകള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതുമൊക്കെ ആരാധനയുടെ ഭാഗമാണ്. മഞ്ജുവാര്യയുടെ കടുത്ത ആരാധികയായ മഞ്ജുസാന്‍സ് എന്ന യുവതിയുടെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

 

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

1996, ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയം സല്ലാപവും ഈ പുഴയും കടന്നും തൂവല്‍ കൊട്ടാരവും ഒക്കെ കണ്ട് മഞ്ജു വാര്യരോട് താരാരാധന തുടങ്ങിയ കാലം. മഞ്ജു വാര്യരുടെ ഫോട്ടോ എവിടെ ഏത് മാസികയില്‍ കണ്ടാലും അതെല്ലാം വെട്ടിയെടുത്ത് പഴയ പാഠപുസ്തകത്തില്‍ ചോറുംവറ്റ് കൂട്ടി ഒട്ടിച്ചു വെക്കുക എന്നതായിരുന്നു പ്രധാന ഹോബി. ഏത് വീട്ടില്‍ ചെന്നാലും അവിടത്തെ നാന, സിനിമ മംഗളം, ചിത്രഭൂമി തുടങ്ങിയവയില്‍ മഞ്ജു വാര്യരുടെ ഫോട്ടോ ഉണ്ടോ, അത് അനുവാദം വാങ്ങിയോ അടിച്ചു മാറ്റിയോ ഞാന്‍ കൈക്കലാക്കിയിരുന്നു… മീന്‍ പൊതിഞ്ഞു കിട്ടിയിരുന്ന പേപ്പറിലെ ഫോട്ടോ വരെ വൃത്തിയാക്കി ഒട്ടിച്ചു വച്ചിരുന്ന ‘വട്ട് ‘.

മുടി ചെരിച്ചു വകച്ചില്‍ ഇട്ടും കുങ്കുമ ക്കുറി വരച്ചും മഞ്ജു വാര്യര്‍ സ്‌റ്റൈലിനോട് താദാത്മ്യം പാലിക്കാനുള്ള ശ്രമങ്ങളും ഒപ്പം നടന്നിരുന്നു. സ്വന്തമായി കൊന്ത്രന്‍ പല്ല് ഉള്ളത് പോലും അഭിമാനമായി കണ്ടിരുന്ന കാലമായിരുന്നു അത്. ഓരോ സിനിമയും എത്ര പ്രാവശ്യം കണ്ടാലും കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് ആ മുഖത്തെ അഭിനയം ആസ്വദിച്ചിരുന്നത്. ഒടുവില്‍ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ പൂര്‍ത്തിയാക്കാതെ കല്യാണം കഴിച്ചു മഞ്ജു വാര്യര്‍ സിനിമരംഗത്തുനിന്നും വിട്ടുനില്‍ക്കുന്നു എന്ന് കേട്ടപ്പോള്‍ വല്ലാത്ത വിഷമം ആയിരുന്നു.

ദിലീപും എന്റെ പാപ്പ (ചെറിയച്ഛന്‍) രമേശ് കുറുമശ്ശേരിയും ഒക്കെ ഒരുമിച്ചായിരുന്നു ‘ഹരിശ്രീ മിമിക്‌സ്’ ട്രൂപില്‍ ഉണ്ടായിരുന്നത്. കല്യാണത്തിന്റെ റിസപ്ഷനുള്ള ക്ഷണം പാപ്പയ്ക്കും ഉണ്ടായിരുന്നു. പാപ്പയും ചെറിയമ്മയും ഫന്‍ഷന് പോകാന്‍ ഒരുങ്ങുന്ന സമയത്ത് ഞാന്‍ മഞ്ജു വാര്യര്‍ ക്കുള്ള എന്റെ ‘സമ്മാനം’ ആയി ഈ ഫോട്ടോ കളക്ഷന്‍ ടെസ്റ്റ് ബുക്കിനെ ഗിഫ്റ്റ് പേപ്പറില്‍ പൊതിഞ്ഞു ഭംഗിയാക്കി എടുത്തു.
ഈ പാഠപുസ്തകത്തില്‍ ഒട്ടിച്ചു വെച്ചിരിക്കുന്ന ഈ കളക്ഷന്‍ ഒക്കെ കണ്ടാല്‍ മഞ്ജു വാര്യര്‍ എടുത്ത് വല്ല ചവറ്റുകൊട്ടയിലും കളയും. നീ വല്യ കാര്യമായി കൊണ്ടു നടക്കുന്ന ഇതൊക്കെ ഇവിടെ തന്നെ സൂക്ഷിച്ചു വക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞു കൊണ്ട് അമ്മ എന്നെ പിന്തിരിച്ചപ്പോള്‍ ശരിയാണെന്നു എനിക്കും തോന്നി.

അവര്‍ക്കൊപ്പം ഫംഗ്ഷന് പോകണമെന്നോ ആള്‍ക്കൂട്ടത്തില്‍ മഞ്ജു വാര്യരെ കാണണമെന്നോ എന്തോ എനിക്ക് അങ്ങനത്തെ ആഗ്രഹമൊന്നും തോന്നിയിരുന്നുമില്ല. പിന്നീട് ഒരു ദിവസം ദിലീപ് ന്റെ വീട്ടിലെ നമ്പര്‍ പാപ്പയില്‍ നിന്നും വാങ്ങി, മഞ്ജു വാര്യരോട് സംസാരിക്കാനായി ഒന്ന് വിളിച്ചു നോക്കി. ദിലീപ് ആണ് എടുത്തത് ”മഞ്ജു പെങ്ങളുടെ ഒപ്പം പര്‍ച്ചേസ് സിങ്ങിന് പോയിരിക്കാണ് ‘ എന്ന് പറഞ്ഞു.

പിന്നെ പിന്നെ അതൊക്ക വിട്ടു. എന്നാലും വെട്ടി ഒട്ടിക്കല്‍ പരിപാടിക്ക് ഒരു കുറവും വരുത്തിയില്ല. കുറെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മഞ്ജു വാര്യരുടെ ഫോട്ടോസും മാധ്യമങ്ങളില്‍ സജീവമല്ലാതായി. ”ചേച്ചീടെ മഞ്ജു വാര്യരെ ഒക്കെ ഞാന്‍ കീറിക്കളയും” എന്നൊക്കയായിരുന്നു അനിയന്മാര്‍ വഴക്കുണ്ടാക്കുമ്പോള്‍ എന്നോട് പറഞ്ഞിരുന്ന പ്രധാന ഭീഷണി. കാലം കഴിയും തോറും ഹോബികളും ഇന്റര്‍സ്റ്റിങ് ഫീല്‍ഡും ഒക്കെ വളരെയധികം മാറി. ഈയൊരു കളക്ഷനെ കുറിച്ച് ഓര്‍ക്കാതെയുമായി. ഈ മാസം വീട്ടില്‍ പോയപ്പോള്‍ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ഈ പുസ്തകം കയ്യില്‍ കിട്ടിയപ്പോള്‍ ഭയങ്കര സന്തോഷം, കൂടെ ചമ്മലും.

പണ്ടത്തേക്കാള്‍ സജീവമായി മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ഈ 2021 ലും. എന്റെ 1996-99 കളഷന്‍ ഒരു ചിതലരിക്കലിനോ എലി കരണ്ടലിനോ ആക്രി ചാക്കിനോ ഇരയാകാതെ ഇരിക്കുന്നു എന്നത് തന്നെ അതിശയമാണ്. ഈ പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ നല്‍കുന്ന കൗതുകം നിങ്ങളെയും ആ കാലത്തിലേക്ക് തിരിച്ചു നടത്തിക്കും എന്ന് തോന്നിയത് കൊണ്ട് ഇവിടെ പങ്കു വെക്കുന്നു.