‘മക്കളോട് ഞാന്‍ അവസരമൊന്നും ചോദിക്കാറില്ല, അവര്‍ വിളിച്ചാല്‍ പോയി ചെയ്യും’; മറിമായത്തിലെ സുമേഷേട്ടന്‍ പറയുന്നു

0

മറിമായമെന്ന ആക്ഷേപ ഹാസ്യ പരമ്പരയിലെ സുമേഷേട്ടനെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. ഓരോ എപ്പിസോഡിലും ഓരോ ഭാവവുമായി വരുന്ന സുമേഷേട്ടനെ പ്രേക്ഷകര്‍ക്ക് അത്രയധികം ഇഷ്ടമാണ്. കൊച്ചിയിലെ വിപി ഖാലിദാണ് മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രീയപ്പെട്ട സുമേഷേട്ടനായത്. ഒമ്പത് വര്‍ഷമായി പരമ്പരയുടെ ഭാഗമാണ് നടന്‍. ഒരു ചെറിയ വേഷം ചെയ്തായിരുന്നു മറിമായത്തില്‍ അദ്ദേഹം തുടങ്ങിയത്. ആ വേഷം പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ മറിമായം അണിയറ പ്രവര്‍ത്തകര്‍ പിന്നീട് സ്ഥിരമായി വിപി ഖാലിദിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഖാലിദ് പരമ്പരയുടെ ഭാഗമാണ്.

മറിമായത്തിലെ എപ്പിസോഡുകളില്‍ കാണുന്നതുപോലെ സുമേഷേട്ടന്‍ അത്ര നിസ്സാരക്കാരനൊന്നുമല്ല. ഒരുപക്ഷേ കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ സിനിമാക്കാരുള്ള വീടാവും സുമേഷേട്ടന്‍ എന്ന വിപി ഖാലിദിന്റേത്. അദ്ദേഹത്തിന്റെ മക്കളായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, ഖാലിദ് റഹ്മാന്‍ തുടങ്ങിയവരെല്ലാം ഇപ്പോള്‍ അറിയപ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തകരാണ്. ഛായാഗ്രാഹകരായിട്ടാണ് ഷൈജുവും ജിംഷിയും ശ്രദ്ധേയരായത്. അനുരാഗ കരിക്കിന്‍ വെളളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായി ഖാലിദ് റഹ്മാനും ശ്രദ്ധിക്കപ്പെട്ടു.

khalid-in-marimayam

മക്കള് സിനിമാക്കാരായതുകൊണ്ട് താന്‍ അവരോട് അവസരമൊന്നും ചോദിക്കാറില്ലെന്ന് ഖാലിദ് നേരത്തേ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘മക്കളോട് ഞാന്‍ അവസരമൊന്നും ചോദിക്കാറില്ല, അവര്‍ വിളിച്ചാല്‍ പോയി ചെയ്യും. സെറ്റില്‍ ഞാന്‍ അവരുടെ ബാപ്പ അല്ല. അവിടെ ഞാന്‍ ആര്‍ട്ടിസ്റ്റ് മാത്രമാണ്. അവര്‍ക്ക് അവരുടെ പണി. എനിക്ക് എന്റെ ജോലി. അത്രമാത്രം. സത്യത്തില്‍ കൊച്ചിയില്‍ ഇത്രയും സിനിമാക്കാരുളള വീട് വേറെയുണ്ടോ എന്നത് സംശയമാണ്. അതില്‍ എനിക്കഭിമാനമുണ്ട്. സന്തോഷമുണ്ട്.’ അഭിമുഖത്തില്‍ വിപി ഖാലിദ് പറഞ്ഞു.