ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാര്‍ഥിയായതോടെയാണ് രജിത്കുമാര്‍ കൂടുതലാളുകള്‍ക്ക് സുപരിചിതനായത്. ബിഗ് ബോസ് രണ്ടാം സീസണിലെ ഏറ്റവും വിജയ സാധ്യതയുള്ള മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. രജിത് കുമാറിന്റെ ആശയങ്ങളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചവരായിരുന്നു ബിഗ് ബോസിനകത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പുറത്ത് വന്‍ ഫാന്‍സ് അസോസിയേഷനുകളാണ് രജിത്കുമാറിന്റെ പേരില്‍ രൂപം കൊണ്ടത്. ഇപ്പോഴത്തെ തന്റെ ആഗ്രഹങ്ങളും ഭാവി ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് രജിത്കുമാര്‍.
രജിത്കുമാറിന്റെ വാക്കുകള്‍: ‘പണ്ട് അഭിനയ മോഹവുമായി നടന്ന വ്യക്തിയാണ് ഞാന്‍. കോളേജില്‍ പഠിക്കുമ്പോള്‍ അഭിനയിക്കാനുള്ള പല ശ്രമങ്ങളും നടത്തി. പക്ഷേ എനിക്ക് അതിനുള്ള അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ഭാവിയില്‍ എനിക്കൊരു സംവിധായകനാവാന്‍ ആഗ്രഹമുണ്ട്. ഞാനൊരു സിനിമ സംവിധാനം ചെയ്യും, സീരിയല്‍ സംവിധാനം ചെയ്യും. ചാടി ഇറങ്ങി സിനിമ സംവിധാനം ചെയ്യാന്‍ പോയാല്‍ പറ്റത്തില്ല. അതിന് മുന്നോടിയായി ഒരു മ്യൂസിക്കല്‍ ആല്‍ബം തുടങ്ങാന്‍ പോവുകയാണ്. ഒന്ന് രണ്ട് മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ എനിക്ക് തന്നെ സംവിധാനം ചെയ്ത് നിര്‍മ്മിക്കണം. എങ്ങനെ പോയാലും അതില്‍ അഞ്ചാറ് പേര്‍ക്ക് വേഷം കൊടുക്കാന്‍ പറ്റും. ആല്‍ബം എടുത്തതിന് ശേഷം ഷോര്‍ട്ട് ഫിലിം ചെയ്യും.
ഇതൊക്കെ പൈസ പൊട്ടുന്ന കാര്യമാണ്. തിരിച്ച് കിട്ടുക ഒന്നുമില്ല. എങ്കിലും നമുക്ക് പഠിക്കാനും കുറച്ച് പേര്‍ക്ക് അഭിനയിക്കാനും അവസരം ലഭിക്കും. ഇത്രയും അനുഭവങ്ങള്‍ മതിയാകും എനിക്കൊരു സീരിയല്‍ സംവിധാനം ചെയ്യാന്‍. കുറച്ച് പ്ലാനുകള്‍ നേരത്തെ തന്നെയുണ്ട്. സിനിമ കുറച്ച് കൂടി കഴിഞ്ഞിട്ടേ ഉണ്ടാവുകയുള്ളു. എന്തായാലും ജോലി പോയി. ശമ്പളമില്ല. വെറുതേ ഇരിക്കുന്ന സമയമാണ്. കര്‍മ്മം ചെയ്ത് കൊണ്ടേ ഇരിക്കുക. ഏത് മേഖലയിലാണ് തിളങ്ങാന്‍ പറ്റുക എന്ന് അറിയില്ല. 2005 ന് മുന്നെ ഞാന്‍ ഭയങ്കര തോന്ന്യാവാസി ആയിരുന്നു.
എന്റെ ശരീരം, എന്റെ ഇഷ്ടം, എന്റെ ജീവിതം എനിക്ക് തോന്നിയത് പോലെ ജീവിക്കും എന്ന് ഇപ്പോഴത്തെ പിള്ളേര് പറയുന്നത് പോലെയായിരുന്നു ഞാനും. നന്നായി പഠിച്ചു. പക്ഷേ തോന്നിയത് പോലെ കറങ്ങി നടക്കുന്ന ആളായിരുന്നു. കൂട്ടുക്കെട്ട്, കമ്പനി, കറക്കം, അങ്ങനെ ഇന്ദ്രീയ നിയന്ത്രണം ഇല്ലായിരുന്നു. വേദഗ്രന്ഥം പഠിച്ചതിന് ശേഷം എവിടെ പോകുമ്പോഴും എന്തെങ്കിലും ചെയ്യുമ്പോഴുമെല്ലാം ആലോചിട്ടേ ചെയ്യാറുള്ളു. പട്ടാളക്കാര്‍ക്ക് കിട്ടുന്നത് പോലൊരു നിയന്ത്രണം എനിക്ക് കിട്ടി. ഇതാണ് അതിന്റെ വ്യത്യാസം.’ രജിത്കുമാര്‍ പറയുന്നു.