‘ദി ഷോ മസ്റ്റ് ഗോ ഓണ്‍’; ബിഗ് ബോസ് സീസണ്‍ 3 ഉടന്‍ ആരംഭിക്കും

0

മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസ് സീസണ്‍ 3’ ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍. ഈ മാസം പകുതിയോടെ ഷോ സംപ്രേഷണം ആരംഭിക്കും. ‘ദി ഷോ മസ്റ്റ് ഗോ ഓണ്‍’ എന്ന ടാഗ് ലൈനോടെ ഷോയുടെ ടീസര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ മാത്രമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ചെന്നൈ ആണ് ഇത്തവണയും മലയാളം ബിഗ് ബോസിന് വേദിയാവുക. മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലാണ്.

ബിഗ്‌ബോസിലേക്ക് അന്തിമ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്റൈനില്‍ കഴിയേണ്ടിവരും. തമിഴ് ബിഗ് ബോസ് സീസണ്‍ 4 ചെന്നൈയില്‍ ജനുവരി 17ന് അവസാനിച്ചിരുന്നു. ഇതിനു ശേഷം ഇവിടെത്തന്നെയാണ് ബിഗ്‌ബോസ് മലയാളം പതിപ്പിനും വേദിയാവുന്നത്. സീസണ്‍ 2 വിന്റെ അവസാന എപ്പിസോഡ് 2020 മാര്‍ച്ച് 20നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്.

ജനുവരി ആദ്യവാരത്തില്‍ തന്നെ ബിഗ്‌ബോസ് സീസണ്‍ 3 ആരംഭിക്കുന്ന കാര്യം അവതാരകനായ മോഹന്‍ലാല്‍ അറിയിച്ചിരുന്നു.’നിങ്ങളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ഇനി വിരാമം. ലോകമൊട്ടാകെ വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിലും നവവത്സരപ്പിറവിയുടെ പുതുപ്രകാശത്തിലും ശുഭപ്രതീക്ഷയിലുമാണ് നാമെല്ലാവരും. ഈ അവസരത്തില്‍ നിങ്ങള്‍ കാത്തുകാത്തിരുന്ന ആ മനോഹര ദൃശ്യാനുഭവം ഇതാ നിങ്ങളിലേക്ക് വീണ്ടും. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിലൂടെ. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പ്, ബിഗ് ബോസ് മലയാളം സീസണ്‍ 3 ഉടനെത്തുന്നു നമ്മുടെ സ്വന്തം ഏഷ്യാനെറ്റില്‍. ഞാനുമുണ്ടാകും.’ എന്നായിരുന്നു മോഹന്‍ലാല്‍ അറിയിച്ചത്.