2020ന്റെ നഷ്ടമായിരുന്നു പ്രശസ്ത തിരക്കഥാകൃത്ത് സച്ചി. സച്ചിയുടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ പാട്ടുകള്‍ വളരെ നേരത്തേത്തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ചിത്രത്തിലെ കലക്കാത്ത എന്നു തുടങ്ങുന്ന ഗാനം പാടിയത്. നഞ്ചിയമ്മയെയാണ്. പാട്ടിനേയും നഞ്ചിയമ്മയേയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
സിനിമയേയും ഇപ്പോഴത്തേ ജീവിതത്തെക്കുറിച്ചും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ നഞ്ചിയമ്മ. ‘അയ്യപ്പനും കോശിയും അഭിനയിച്ചതിനു അന്‍പതിനായിരം രൂപയായിരുന്നു എനിക്ക് പ്രതിഫലമായി ലഭിച്ചത്. ഇപ്പോള്‍ ഞാന്‍ പരിപാടിക്ക് പോകുമ്പോള്‍ ആയിരവും രണ്ടായിരവും ഒക്കെ കിട്ടാറുണ്ട്. എന്റെ പണിയൊക്കെ വിട്ട്, പശുവിനെയും ആടിനെയും ഒക്കെ മറന്ന് അഭിനയിക്കാന്‍ പോകുമ്പോള്‍ ഇപ്പോള്‍ ഞാന്‍ എനിക്ക് ഇത്ര പൈസ വേണം എന്നും പറയാറുണ്ട്.
പരിപാടിക്ക് പോകുമ്പോള്‍ കിട്ടുന്ന പൈസ ഞാന്‍ ചെലവിന് എടുക്കും. ആ പൈസയ്ക്കാണ് ഞാന്‍ സാധനങ്ങള്‍ വാങ്ങുന്നത്. അരി ഗവണ്മെന്റ് തരുമെങ്കിലും ബാക്കി സാധനങ്ങള്‍ വാങ്ങണ്ടേ. മുന്‍പ് ഞാന്‍ തൊഴിലുറപ്പ് പണിക്കും പോകുമായിരുന്നു. സിനിമയില്‍ അഭിനയിച്ചതിനു ശേഷം അവരെന്നെ ജോലിക്ക് എടുക്കാതെ ആയി. നീ പണിയെടുത്താല്‍ ഞങ്ങളെ പഞ്ചായത്തില്‍ നിന്നും ചീത്ത പറയും എന്നാണ് അവര്‍ പറയുന്നത്. അങ്ങനെ ആ പണിയും പോയി. പിന്നെ കണക്ക് പറഞ്ഞു പൈസ വാങ്ങിയില്ലെങ്കില്‍ ഞാന്‍ എങ്ങനെ ജീവിക്കും’. നഞ്ചിയമ്മ ചോദിക്കുന്നു.