‘വിശ്വസിക്കാനാവുന്നില്ല, സോമൂ എവിടെയാണെങ്കിലും സമാധാനത്തോടെയിരിക്കൂ’; സോമദാസിന്റെ ഓര്‍മ്മകളില്‍ ആര്യയുടെ കുറിപ്പ്

0

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രശസ്ത ഗായകന്‍ സോമദാസ് അന്തരിച്ചത്. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്ക് തകരാറ് കണ്ടതിനെത്തുടര്‍ന്ന് ചികിത്സ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

2008 ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രീയ ഗായകനായിരുന്ന സോമദാസ് ബിഗ്‌ബോസ് സീസണ്‍ടൂവിലും മത്സരാര്‍ത്ഥിയായിരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഷോയില്‍ നിന്നും പുറത്തു വരികയായിരുന്നു. സോമദാസിന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടിയും അവതാരകയുമായ ആര്യ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

ആര്യയുടെ കുറിപ്പ്:

‘വിശ്വസിക്കാനാവുന്നില്ല,
ദിവസങ്ങള്‍ക്കു മുമ്പ് നടന്ന സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ അവസാന എപ്പിസോഡ് ചിത്രീകരണം എത്ര സന്തോഷത്തോടെ ആയിരുന്നു നമ്മള്‍ പൂര്‍ത്തിയാക്കിയത്. ഇനി ആ എപ്പിസോഡ് ഞാന്‍ എങ്ങനെ കാണും സോമു.. അത്രയും നിഷ്‌കളങ്കമായൊരു ആത്മാവായിരുന്നു അത്. ബിഗ് ബോസില്‍ ആയിരുന്ന സമയത്ത് ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കു വേണ്ടിയും പാടിയ മനോഹര ഗാനങ്ങള്‍ക്ക് നന്ദി. ഞങ്ങള്‍ക്ക്്് തടയാന്‍ ആവാതെ ഇരുന്ന നിങ്ങളുടെ നിഷ്‌കളങ്കമായ ആ പുഞ്ചിരികള്‍ക്ക് നന്ദി. എവിടെയായിരുന്നാലും സമാധാനത്തോടെ ആയിരിക്കട്ടെ പ്രിയപ്പെട്ടവനെ..

കണ്ണാന കണ്ണേ എന്ന പാട്ട് ഒരു ഹൃദയവേദനയോടെ അല്ലാതെ എനിക്കിനി കേട്ടിരിക്കാന്‍ ആവില്ല. ഷൂട്ടും ഫ്‌ലോറില്‍ വച്ച് അവസാനമായി കണ്ടപ്പോള്‍ എന്നോട് പറഞ്ഞത്, ആര്യ കുഞ്ഞേ, കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലേ. ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്കൊന്ന് അടിച്ചുപൊളിക്കാന്‍. നമ്മുടെ ആ പദ്ധതികള്‍ക്കായി ഇനിയും കാത്തിരിക്കണമെന്നു തോന്നുന്നു സോമു. ഒരു ദിവസം നിങ്ങളുടെ അടുത്തേക്ക് എത്തുന്നതുവരെ സമാധാനത്തോടെ ഇരിക്കൂ.’