പരസ്പരത്തിലെ സൂരജ് ബിജെപിയിലേക്ക്; വാര്‍ത്തയോട് പ്രതികരിക്കാതെ വിവേക് ഗോപന്‍

0

പരസ്പരത്തിലെ സൂരജിനെ അറിയാത്തവര്‍ മലയാളത്തില്‍ ചുരുക്കമായിരിക്കും. അത്രയധികം ആരാധകരെ സ്വന്തമാക്കിയ പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരസ്പരം. പരസ്പരം സീരിയല്‍ അവസാനിച്ചുവെങ്കിലും കുടുംബ പ്രേക്ഷകരുടെ ഇടയില്‍ വിവേക് ഇപ്പോഴും സൂരജ് ആയിത്തന്നെയാണ് അറിയപ്പെടുന്നത്. സൂരജ് എന്ന വിവേക് ഗോപന്റെ രാഷ്ട്രീയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തായാവുന്നത്.

വിവേക് ഗോപന്‍ ബിജെപിയിലേക്ക് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വിവേക് ഗോപന്‍ ബിജെപിയില്‍ അംഗത്വമെടുത്തു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം വാര്‍ത്തയോട് വിവേകും ബിജെപി അധികൃതരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ബി ഗോപാലകൃഷ്ണനും ഒപ്പം വിവേക് നില്‍ക്കുന്ന ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടു ചോദിച്ചു കൊണ്ട് വിവേക് ഒരു വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

വിവേക് ഗോപന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് നേരത്തേ മുതല്‍ പ്രചരണമുണ്ടായിരുന്നു. എന്നാലിപ്പോഴാണ് വിവേക് ഗോപന്‍ ബിജെപിയില്‍ അംഗത്വമെടുത്തു എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്. സി കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കാര്‍ത്തിക ദീപം എന്ന പാരമ്പരയിലാണ് ഇപ്പോള്‍ സൂരജ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ ഒരു മരുഭൂമി കഥ എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ച വിവേക് നിരവധി സിനിമകളിലും വിവേക് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.