ബിഗ് ബോസിലേക്ക് പോകുമ്പോള്‍ തനിക്കേറ്റവും ഇഷ്ടമില്ലാതിരുന്നത് ഫുക്രുവിനെയായിരുന്നുവെന്ന് സുരേഷ് കൃഷ്ണ

0

ബിഗ് ബോസ് സീസണ്‍ ടൂവില്‍ പങ്കെടുത്ത സമയത്ത് ഫുക്രുവിനെ ആദ്യം തനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നുവെന്ന് സംവിധായകന്‍ സുരേഷ്‌കൃഷ്ണ. എല്ലാവര്‍ക്കും കൈ കൊടുത്തെങ്കിലും ആദ്യ ദിവസം അവന് മാത്രം താന്‍ കൈകൊടുക്കാതെ മാറി നിന്നുവെന്നും സുരേഷ് പറഞ്ഞു. തനിക്കവന്റെ കുറുളമാമി ഒന്നും ഇഷ്ടമല്ലായിരുന്നു. ആ ഇഷ്ടക്കേട് മനസ്സിലുണ്ടായിരുന്നുവെങ്കിലും ഒറ്റ ദിവസം കൊണ്ട് ഫുക്രു തന്നെ മാറ്റി ചിന്തിപ്പിച്ചുവെന്ന് സുരേഷ് പറയുന്നു. ബീഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയാണ് സുരേഷ് ബിഗ്ബോസ് ഓര്‍മ്മകള്‍ പങ്കുവെച്ചത്.

സുരേഷിന്റെ വാക്കുകള്‍: ബിഗ് ബോസില്‍ അവിചാരിതമായി വന്നതാണ്. ആഗ്രഹിച്ച് വന്നതല്ല. മുന്‍പ് ഒന്നോ രണ്ടോ എപ്പിസോഡ് കണ്ടിട്ടുണ്ട്. എന്റെ അനിയനെ പോലെയുള്ള ആളാണ് തരികിട സാബു. ചാനല് മാറ്റിയപ്പോള്‍ അവനെ കണ്ട് ബിഗ് ബോസ് കണ്ടു എന്നല്ലാതെ താന്‍ ആ ഷോ കണ്ടിട്ടില്ല. പതിനേഴ് പേര്‍ക്കും ഒരേ സ്ഥാനം തന്നെയാണ് അവിടെ കിട്ടിയത്. ലാലേട്ടനും അങ്ങനെയായിരുന്നു. ബിഗ് ബോസില്‍ നിന്നും വിളി വന്നപ്പോള്‍ ആദ്യം പറ്റില്ലെന്നാണ് പറഞ്ഞത്. എല്ലാവരും പോവണമെന്ന് പറഞ്ഞത് കൊണ്ടാണ് ഷോ യിലേക്ക് എത്തിയത്.

ബിഗ് ബോസിലെ ഒന്ന് രണ്ട് പേരെയെ എനിക്ക് അറിയുമായിരുന്നുള്ളു. പ്രദീപ് ചന്ദ്രന്‍ എന്റെ അയല്‍വാസിയാണ്. ആര്യയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഫോണില്‍ വിളിച്ച് സംസാരിച്ച് അറിയാം. എലീനയുടെ അച്ഛനെയും അമ്മയെയും അറിയാം. അവിടെ ചെന്നിട്ട് എനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്നത് ഫുക്രുവിനെയാണ്. എനിക്കവന്റെ കുറുളമാമി ഒന്നും ഇഷ്ടമല്ലായിരുന്നു. പതിനാറ് പേര്‍ക്കും ഞാന്‍ കൈ കൊടുത്തെങ്കിലും ഫുക്രുവിന് കൊടുത്തില്ല. പക്ഷേ 24 മണിക്കൂറിനുള്ളില്‍ ആ പതിനഞ്ച് പേരില്‍ എനിക്കേറ്റവും അടുപ്പവും ഇഷ്ടവുമുള്ള ഒരാളായി മാറി.

കാരണം യുവത്വം ഇത്രയും ആഘോഷമായി കൊണ്ട് നടക്കുന്ന മറ്റൊരു പയ്യനെ ഞാന്‍ കണ്ടിട്ടില്ല. അതുപോലെ സ്‌നേഹം, അനുകമ്പ, ഒരാള്‍ ഭക്ഷണം കഴിക്കാതെ ഇരുന്നാല്‍ അവന്റെ ആഹാരം കൊടുക്കും. ഒരുപാട് നന്മകളും ജിംനാസ്റ്റിക് എനര്‍ജിയും അവനുണ്ട്. 24 മണിക്കൂര്‍ റസ്റ്റ് എടുക്കാതെ നിന്നാലും ഒരു കുഴപ്പവുമില്ലാതെ അതേ എനര്‍ജിയില്‍ അവന്‍ നില്‍ക്കും. ഇതോടെ അവിടെന്ന് ഞാനവന്റെ ഫാനായി മാറി.

ബിഗ് ബോസിലെ എല്ലാവരുമായിട്ടും സൗഹൃദമുണ്ടായിരുന്നു. രജിത് കുമാറുമായി എല്ലാ ദിവസവും അരമണിക്കൂറോളം സംഘട്ടനം ഉണ്ടാവാറുണ്ട്. അത് മത്സരത്തിന്റെ ഭാഗമാണ്. സ്ട്രാറ്റര്‍ജി ഒന്നുമല്ല, എന്നെ ചൊറിയുമ്പോള്‍ ഞാനും ചൊറിയും. അത്രയേ ഉള്ളു. ഞാന്‍ സത്യസന്ധമായി മത്സരിച്ച ആളാണെന്നേ പറയൂ. കാരണം മാറി നിന്ന് മറ്റൊരാളെ കുറിച്ച് സംസാരിക്കുകയോ അവരുടെ കുറ്റം ഞാന്‍ പറയാറില്ലായിരുന്നു. എനിക്ക് ഇഷ്ടമില്ലാത്തവരുണ്ടെങ്കില്‍ നേരിട്ട് തന്നെ പറയും. പക്ഷേ പുറത്തിറങ്ങിയതിന് ശേഷമാണ് ബാക്കി എല്ലാം തനിക്ക് മനസിലായത്.’ സുരേഷ് പറഞ്ഞു.