പുതിയ ഹെയര്‍ സ്‌റ്റൈലില്‍ കൂടുതല്‍ സുന്ദരിയായി സംയുക്താവര്‍മ്മ; മകനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

0

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വിവാഹ ശേഷം സംയുക്ത സിനിമാലോകത്തോട് വിട പറഞ്ഞുവെങ്കിലും തന്റെ വിശേഷങ്ങളുമായി താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. സിനിമയില്‍ നിന്നും ഇടവേളയെടുത്തപ്പോള്‍ യോഗയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. യോഗ പഠനത്തിനിടയിലെ ചിത്രങ്ങളും വീഡിയോയമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇടയ്ക്ക് ബിജു മേനോനൊപ്പം ഒരു പരസ്യത്തില്‍ സംയുക്ത അഭിനയിച്ചിരുന്നു.

കുടുംബിനിയായി കഴിയുന്ന സമയത്തും യോഗ പഠനവും പരിശീലനവും താരം തുടര്‍ന്നു. യോഗ ചെയ്ത് തുടങ്ങിയതിന് ശേഷമാണ് അതേക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് തോന്നിയതെന്നും, മൈസൂരില്‍ പോയാണ് ഉപരിപഠനം നടത്തിയതെന്നും താരം വെളിപ്പെടുത്തിയിരുന്നു. നിരവധി ബുദ്ധിമുട്ടുള്ള പോസുകള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത് സംയുക്ത മകന്‍ ദക്ഷിനൊപ്പം പങ്കുവെച്ച ചിത്രങ്ങളാണ്. അമ്മയും മകനും ഒരേ കളറിലുള്ള ഡ്രസ്സാണ് ധരിച്ചിരിക്കുന്നത്. മകനെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന തന്റെ ചിത്രവും, അമ്മയെ ചേര്‍ത്തുപിടിച്ച് അതീവ സന്തോഷത്തോടെ നില്‍ക്കുന്ന ദക്ഷിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. മുടിയില്‍ നടത്തിയ മേക്കോവറാണ് ചിത്രത്തിന്റെ പ്രത്യേകത. പുതിയ ഹെയര്‍ സ്്‌റ്റൈല്‍ അതി മനോഹരമായിരിക്കുന്നുവെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

ദക്ഷിനൊപ്പമുള്ള പുതിയ ചിത്രത്തില്‍ സംയുക്തയെ കണ്ടാല്‍ ഇത്രയും വലിയൊരു മകന്റെ അമ്മയാണെന്ന് പറയില്ല എന്നാണ് ആരാധകര്‍ പറയുന്നത്. അതിസുന്ദരിയായി കൂടുതല്‍ ചെറുപ്പമായാണ് താരം എത്തിയിരിക്കുന്നത്. എന്തായാലും ചിത്രങ്ങള്‍ വളരെ വേഗം തന്നെ വൈറലായി. മകനെ നോക്കാനും കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കാനുമായാണ് താരം വിവാഹ ശേഷം സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ നിരസിച്ചത്. ലോക്ക്ഡൗണ്‍ സമയത്ത് മകന്‍ ദക്ഷിനൊപ്പം ഗാര്‍ഡനിങ്ങിലും പെയിന്റിങ്ങിലും വീട്ടിലെ അറ്റക്കുറ്റപ്പണികളിലുമെല്ലാം മുഴുകിയിരുന്ന ബിജു മേനോന്റെ ചിത്രങ്ങള്‍ സംയുക്ത ആരാധകരുമായി പങ്കുവച്ചിരുന്നു. വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സംയുക്ത അന്ന് കുറിച്ചത്.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന സംയുക്ത ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിലാണ് ബിജു മേനോനും സംയുക്തയും ഒരുമിച്ച് അഭിനയിച്ചത്. പ്രണയ ചിത്രങ്ങളില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. സംയുക്തയെന്ന ഭാര്യയ്ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കുന്നയാളാണ് താനെന്ന് ബിജു മേനോന്‍ മുന്‍പ് പറഞ്ഞിരുന്നു.