‘അമ്മയോട് തങ്കകൊലുസ് ക്ഷമിക്കണം, അമ്മ അറിയാതെ പറഞ്ഞു പോയതാണ്; കുട്ടികളോട് കള്ളം പറഞ്ഞതിനെക്കുറിച്ച് സാന്ദ്ര

0

നിര്‍മ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് ഇപ്പോള്‍ അതിനെക്കാള്‍ അറിയപ്പെടുന്നത് തങ്കക്കൊലുസ് എന്ന തന്റെ ഇരട്ടക്കുട്ടികളുടെ പേരിലാണ്. തങ്കം, കൊലുസ് എന്നിങ്ങനെയാണ് സാന്ദ്ര തന്റെ മിടുക്കിക്കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. സാന്ദ്ര മക്കളുടെ വിശേഷങ്ങളെല്ലാം പോസ്റ്റുകളിലൂടെയും യുട്യുബ് ചാനലിലൂടെയും പ്രേക്ഷകരെ അറിയിക്കാറുള്ളതിനാല്‍ തങ്കകൊലുസുകളെ പ്രേക്ഷകര്‍ക്ക് വളരെ നന്നായിട്ട് അറിയുകയും ചെയ്യും.

ഒരവസരത്തില്‍ മക്കളോട് കള്ളം പറഞ്ഞുപോയതിനെക്കുറിച്ചും അതവര്‍ മനസ്സിലാക്കിയപ്പോള്‍ തനിക്കുണ്ടായ വിഷമത്തെക്കുറിച്ചും പറഞ്ഞ് സാന്ദ്ര പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. എന്തൊക്കെ സംഭവിച്ചാലും കുട്ടികളോട് കള്ളത്തരം മാത്രം പറയരുതെന്ന് ഘോരഘോരം പ്രസംഗിക്കുന്ന എനിക്ക് കിട്ടിയ ഒരു അടിയായിരുന്നു ഈ സംഭവം എന്നാണ്സാന്ദ്ര കുറിപ്പിലൂടെ പറയുന്നത്. പറഞ്ഞത് കള്ളമാണെന്ന് മനസ്സിലായപ്പോള്‍ അമ്മയല്ലേ പറഞ്ഞത് കള്ളത്തരം പറയാന്‍ പാടില്ലെന്ന് എന്നാണ് കുഞ്ഞുങ്ങള്‍ തന്നോട് ചോദിച്ചതെന്നും യഥാര്‍ത്ഥത്തില്‍ മക്കള്‍ പറഞ്ഞത് കേട്ടപ്പോള്‍ സങ്കടം വന്നുവെന്നും സാന്ദ്ര സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

സാന്ദ്രയുടെ കുറിപ്പ്: കള്ളത്തരം പറഞ്ഞതാണോ? എന്തൊക്കെ സംഭവിച്ചാലും കുട്ടികളോട് കള്ളത്തരം മാത്രം പറയരുതെന്ന് ഘോരഘോരം പ്രസംഗിക്കുന്ന എനിക്ക് കിട്ടിയ ഒരു അടിയായിരുന്നു ആ ചോദ്യം. എന്നെ ഒരുപാട് ചിന്തിപ്പിക്കുകയും വുഷമിപ്പിക്കുകയും ചെയ്ത ഒരു ചോദ്യം. കാര്യം വളരെ നിസാരമെന്നു തോന്നാമെങ്കിലും അതെന്നില്‍ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. 14 ദിവസത്തെ ആയുര്‍വേദ ട്രീറ്റ്മെന്റ് കഴിഞ്ഞു വീട്ടിലെത്തി നേരം വെളുത്തപ്പോള്‍ ചാച്ചനേം ഉമ്മിയേം കാണാഞ്ഞപ്പോള്‍ തങ്കകൊലുസ് വിഷമിക്കാതിരിക്കാന്‍ അവര്‍ ഹോസ്പിറ്റലില്‍ പോയെന്നും ഇന്‍ജെക്ഷന്‍ എടുത്തു തിരിച്ചു വരുമെന്നും വെറുതെ ഞാന്‍ അവരോടു പറഞ്ഞു. അവരതും കേട്ട് തലയാട്ടി പതിവ് പരിപാടികളിലേക്ക്.

രണ്ട് ദിവസങ്ങള്‍ക് ശേഷം ഞാന്‍ : ചാച്ചനും ഉമ്മിയും വയനാട് നിന്ന് വരുമ്പോള്‍ തങ്കത്തിനും കുല്‍സുനും എന്താ കൊണ്ടുവരണ്ടതെന്നു ചോദിച്ചു. കുല്‍സു: ഉമ്മി ഇന്‍ജെക്ഷന്‍ എടുത്തു കഴിഞ്ഞോ തങ്കം : അമ്മ വെറുതെ പറഞ്ഞതാണോ ഞാന്‍ : അത്…. ഞാന്‍…. തങ്കം : അമ്മയല്ലേ പറഞ്ഞത് കള്ളത്തരം പറയാന്‍ പാടില്ലെന്ന് ഞാന്‍ : അമ്മയോട് തങ്കകൊലുസ് ക്ഷമിക്കണം അമ്മ അറിയാതെ പറഞ്ഞു പോയതാണ്. ഇനി അങ്ങനെ പറയില്ല. കുല്‍സു : സാരമില്ല കള്ളത്തരം പറയാന്‍ പാടില്ലാട്ടോ ഇത് എഴുതുമ്പോള്‍ അഭിമാനം കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണുകള്‍ നിറയുന്നു രണ്ടര വയസുള്ള കുട്ടികളെ, കുറച്ചു കണ്ടൊരു അമ്മ. തെറ്റ് ഞാന്‍ തിരുത്തുകയാണ്.