ശ്രുതിഹാസന്‍ വീണ്ടും പ്രണയത്തിലോ? ശന്തനു ഹസാരികയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

0

നടന്‍ കമല്‍ഹാസന്റെ മകളും, നടിയുമായ ശ്രുതിഹാസന്‍ വീണ്ടും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ശന്തനു ഹസാരിക എന്ന ഡല്‍ഹി സ്വദേശിയാണ് ശ്രുതിയുടെ കാമുകന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലണ്ടന്‍ സ്വദേശിയും, നടനുമായ മൈക്കിള്‍ ആയിരുന്നു ശ്രുതിയുടെ മുന്‍കാമുകന്‍. ഇരുവരുടെയും വിവാഹവാര്‍ത്ത പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആയിരുന്നു ഇരുവരും പിരിയുന്ന കാര്യം മൈക്കിള്‍ ട്വിറ്ററിലൂടെ അറിയിച്ചത്.

നാലു വര്‍ഷത്തോളം നീണ്ടുനിന്ന ഡേറ്റിംഗിനു ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്. തനിക്ക് വിവാഹം കഴിക്കാന്‍ ധൃതി ഒന്നുമില്ലെന്നും ഇപ്പോള്‍ താന്‍ അതേ പറ്റി ചിന്തിക്കുന്നില്ല എന്നുമായിരുന്നു അന്ന് ശ്രുതി പറഞ്ഞത്. ‘ജീവിതം ഞങ്ങളെ രണ്ടറ്റത്ത് ആക്കി മാറ്റിയിരിക്കുന്നു, ഇനി മുതല്‍ ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. പക്ഷെ ഇവള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവര്‍ ആയിരിക്കും’ പിരിയുന്ന കാര്യം സൂചിപ്പിച്ച് മൈക്കിള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ശ്രുതിഹാസന്‍ വീണ്ടും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ശ്രുതിയോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ശന്തനു ശ്രുതിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. ഇതിനു പിന്നാലെ ശന്തനുവിനൊപ്പമുള്ള ചിത്രം ശ്രുതി ഹാസനും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ശന്തനുവിന്റെ ആശംസ ശ്രുതി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയര്‍ ചെയ്തു കൊണ്ട് ‘ഈ ദിവസം ഇത്രയും മനോഹരമാക്കിയത് നന്ദി’ എന്നും കുറിച്ചിരുന്നു. ഡൂഡില്‍ ആര്‍ട്ടിസ്റ്റും, ഇല്ലസ്‌ട്രേറ്ററുമാണ് ശന്തനു ഹസാരിക.

കഴിഞ്ഞ ദിവസമായിരുന്നു ശ്രുതിഹാസന്റെ മുപ്പത്തിയഞ്ചാം ജന്മദിനം. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ശ്രുതി തന്റെ ജന്മദിനം ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ശ്രുതി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പുറത്തുവിട്ടത്. നടിയും സുഹൃത്തുമായ തമന്നയും, സഹോദരി അക്ഷര ഹാസനുമെല്ലാം ഈ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നു.