ഒരു കാലത്ത് തമിഴ് സിനിമയിലെ ചോക്ലേറ്റ് നായകനായിരുന്നു അബ്ബാസ്. കാതല്‍ദേശം, കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍, വി.ഐ.പി, മിന്നലേ തുടങ്ങിയ തമിഴ്ചിത്രങ്ങളിലൂടെ ആരാധികമാരുടെ മനസ്സ് കവര്‍ന്ന അബ്ബാസ് കണ്ണെഴുതി പൊട്ടും തൊട്ട്, ഡ്രീംസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റേയും ഭാഗമായി. ഇടക്കാലത്ത് അബ്ബാസ് പെട്ടന്ന് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. അതിനു ശേഷം പിന്നെ അബ്ബാസിനെ കണ്ടത് പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു. 2016 ന് ശേഷം അബ്ബാസ് പൂര്‍ണമായും സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.
സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താന്‍ വിദേശത്ത് മറ്റ് ജോലികള്‍ ചെയ്യുകയായിരുന്നുവെന്ന് അബ്ബാസ് പറഞ്ഞു. ഇന്ത്യയില്‍ ഒരു ആര്‍ടിസ്റ്റ് അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിയും. എന്നാല്‍ വിദേശത്ത് ആരും ഒന്നും അറിയില്ല എന്നാണ് അബ്ബാസ് പറയുന്നത്. സിനിമയില്‍ നിന്ന് മാറി നിന്നതിനു ശേഷം ഇന്ത്യയില്‍ നിന്ന് ന്യുസിലാന്റിലേക്ക് പോയതും അവിടെ പെട്രോള്‍ പമ്പില്‍ മുതല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വരെ ജോലി ചെയ്തിരുന്നതുമായ കഥകള്‍ ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
‘ന്യൂസീലന്‍ഡില്‍ എന്നെ നോക്കാനോ വിലയിരുത്താനോ ആരുമില്ല. ഇവിടെ വന്നതിനു ശേഷം ഞാന്‍ പെട്രോള്‍ പമ്പില്‍ ജോലി എടുത്തിട്ടുണ്ട്. പിന്നീട് ബൈക്ക് മെക്കാനിക്കായും ജോലി ചെയ്തു. എനിക്ക് ബൈക്കുകളോട് വലിയ പ്രിയമാണ്. എന്നെ സംബന്ധിച്ച് അതേറ്റവും ഇഷ്ടപ്പെട്ട ജോലിയായിരുന്നു. പിന്നീട് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി എടുത്തിട്ടുണ്ട്. നമ്മുടെ അഹം ബോധത്തെ ഇല്ലാതാക്കന്‍ ഈ അനുഭവങ്ങളെല്ലാം എന്നെ സഹായിച്ചു.
ഇന്ത്യയില്‍ നമ്മള് ഇപ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ ഏറെ തല പുകയ്ക്കുന്നവരാണ്. എനിക്ക് അതെല്ലാം ഉപേക്ഷിക്കണമായിരുന്നു. ജീവിതം ലളിതവും മനോഹരവുമാക്കുന്നതിനാണ് ഞാന്‍ കുടുംബത്തോടൊപ്പം ന്യൂസിലന്‍ഡിലേക്ക് വന്നത്. ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന് അറിയില്ല. ഇപ്പോള്‍ ആയിരിക്കുന്നിടത്ത് ഞാന്‍ ഹാപ്പിയാണ്’ അഭിമുഖത്തില്‍ അബ്ബാസ് പറഞ്ഞു.
കുട്ടിക്കാലം മുതല്‍ താന്‍ ആത്മഹത്യാ പ്രവണത ഉള്ള ആളായിരുന്നെന്നും ആ പ്രവണതയുള്ള കൗമരപ്രായക്കാരെ അത്തരം ചിന്തകളില്‍ നിന്നു വ്യതിചലിപ്പിക്കുന്നതും അവരെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടി താന്‍ ഓസ്ട്രേലിയയില്‍ നിന്ന് പബ്ലിക് സ്പീക്കിങ്ങില്‍ സര്ട്ടിഫിക്കേഷന് കോഴ്സ് പൂര്‍ത്തിയാക്കിയതായും അബ്ബാസ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.