അനുജോസഫിന്റെ ആരാണ് ചിലങ്ക? ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞ് താരങ്ങള്‍

0

അനു ജോസഫും ചിലങ്കയും പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ്. രണ്ടുപേരെയും ആരാധകര്‍ക്ക് ഇഷ്ടവുമാണ്. എന്നാലിപ്പോഴും ആരാധകരില്‍ പലര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. അനുവും ചിലങ്കയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണത്. അനുവും ചിലങ്കയും സഹോദരിമാരാണോ എന്നത് ആരാധകരില്‍ പലരുടേയും സംശയമാണ്. സംശയിക്കുന്നവരെ കുറ്റം പറയാനും പറ്റില്ല. അത്രയ്ക്ക് സാമ്യമാണ് ഇരുവരും തമ്മില്‍.

സംശയങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ അനുവും ചിലങ്കയും. അനുവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും ആരാധകരുടെ സംശയത്തിന് മറുപടി നല്‍കിയത്. തങ്ങള്‍ തമ്മില്‍ സ്‌നേഹ ബന്ധമല്ലാതെ യാതൊരു രക്ത ബന്ധവുമില്ലെന്നായിരുന്നു ഇരുവരുടേയും വ്യക്തമായ മറുപടി. ഇതോടെ ആരാധകരുടെ സംശയങ്ങള്‍ക്ക് ഉത്തരം ലഭിച്ചിരിക്കുകയാണ്. സ്റ്റാര്‍ വാര്‍ എന്ന പരിപാടിയിലാണ് ഇരുവരും ആദ്യമായി കാണുന്നത് എന്നും പലരും സഹോദരിയാണോ എന്ന് ചോദിക്കാറുണ്ടെന്നുമൊക്കെ താരങ്ങള്‍ വെളിപ്പെടുത്തി.

ആദ്യകാലങ്ങളില്‍ പലരും അനിയത്തി അഭിനയിക്കാന്‍ തുടങ്ങിയല്ലേ എന്ന് ചോദിക്കുമ്പോള്‍ തനിക്ക് ഒന്നും മനസിലായില്ലെന്നും എല്ലാവരോടും ഇല്ല എന്ന മറുപടിയായിരുന്നു നല്കിക്കൊണ്ടിരുന്നത് എന്നാണ് അനു പറയുന്നത്. എന്നാല്‍ പിന്നീടാണ് ചിലങ്കയുടെ സീരിയലുകള്‍ കാണുന്നതെന്നും കണ്ടപ്പോള്‍ തനിക്ക് തന്നെ അത്ഭുതം തോന്നിയെന്നും വീഡിയോയില്‍ അനു പറഞ്ഞു. നെറ്റിയും മുടിയും ചുണ്ടിന്റെ ഭാഗവും ഒക്കെ അതേപോലെയാണ് അതുകൊണ്ടാണ് ആളുകള്‍ സംശയപ്പെടുന്നത് എന്നാണ് ചിലങ്ക പറയുന്നത്. നീളത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഒരു വ്യത്യാസമുള്ളത് എന്നും താരം പറയുന്നു. മറിമായം സീരിയലിലെ മണികണ്ഠന്‍ ചേട്ടന്‍ പോലും ആളുമാറി തന്നോട് സംസാരിച്ചിട്ടുണ്ട് എന്നൊക്കെയാണ് ചിലങ്ക പങ്കുവയ്ക്കുന്നത്.

അടുത്തിടെയാണ് ചിലങ്കയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷവും ചിലങ്ക അഭിനയ രംഗത്ത് സജീവമാണ്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തന്റെ കല്യാണത്തിന് പോലും പലരും വന്ന് ചേച്ചി വന്നില്ലേയെന്ന് തിരക്കിയതായും കേട്ട് മടുത്തപ്പോള്‍ ചേച്ചി ഷൂട്ടിങ്ങിന്റെ തിരക്കിലാണെന്ന് പറഞ്ഞ് ഒപ്പിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. വിനയന്‍ സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് ചിലങ്ക അഭിനയരംഗത്തേക്കെത്തിയത്. പിന്നീട് ടിവി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.

പതിനഞ്ചു വര്‍ഷങ്ങളില്‍ അധികമായി അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് അനു ജോസഫ്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ടെങ്കിലും അനുവിനെ മലയാളികള്‍ ഇന്നും സത്യഭാമയായിട്ടാണ് കാണുന്നത്. കൈരളി ടീവിയില്‍ സംപ്രേഷണം ചെയ്ത കാര്യം നിസാരം എന്ന സീരിയല്‍ ഒത്തിരി ജനശ്രദ്ധ നേടിയിരുന്നു. അനുവിന്റെ അനു ജോസഫ് എന്ന യൂട്യൂബ് ചാലിലൂടെയാണ് ഇരുവരും ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവച്ചത്. ്. ഒരുലക്ഷത്തിലധികം സബ്‌സ്‌ക്രൈബേര്‍സ് ഉള്ള ചാനലാണ് അനുവിനുള്ളത്.