മതം മാറ്റുമോ എന്നായിരുന്നു തന്റെ അമ്മയുടെ ചിന്ത; വീട്ടുകാരുടെ സമ്മതത്തിനായി കാത്തിരുന്നത് ഒരു വര്‍ഷത്തോളം; വിവാഹ വിശേഷങ്ങള്‍ പങ്കുവച്ച് സാന്ത്വനത്തിലെ ജയന്തി

0

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ചെറുപ്പക്കാരെ വരെ ആരാധകരാക്കാന്‍ പരമ്പരയ്ക്ക് ആയിട്ടുണ്ട് എന്നതാണ് പരമ്പരയുടെ വിജയം. സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രമായെത്തി ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അപ്‌സര. ഇന്നലെയായിരുന്നു അപ്‌സര വിവാഹിതയായത്. സംവിധായകനും എഴുത്തുകാരനുമായ ആല്‍ബി ഫ്രാന്‍സിനെയായിരുന്നു അപ്‌സര വിവാഹം കഴിച്ചത്.

പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. മൂന്ന് വര്‍ഷത്തെ സൗഹൃദവും പ്രണയവുമാണ് ഇന്നലെ വിവാഹത്തിലേക്ക് എത്തിയത്. കൈരളി ടീവിയില്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന ഉള്ളത് പറഞ്ഞാല്‍ എന്ന പരമ്പരയിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്.

ഇരുവരുടെയും വിവാഹ വിശേഷം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെകുറിച്ചുമെല്ലാം അപ്‌സര മനസ് തുറക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അപ്‌സര വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും മനസ്സ് തുറക്കുന്നത്.

വീട്ടുകാരുടെ സമ്മതത്തിനായി ഒരു വര്‍ഷത്തോളം കാത്തിരുന്നുവെന്നാണ് താരം പറയുന്നത്. തങ്ങള്‍ ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആയതിനാല്‍ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. എന്നാല്‍ അടുത്തറിഞ്ഞിട്ട് മൂന്ന് വര്‍ഷം ആയിട്ടുള്ളൂ.

ഉള്ളത് പറഞ്ഞാല്‍ എന്ന പരമ്പരയിലൂടെയാണ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. ആ പരമ്പരയിലൂടെ തനിക്ക് മികച്ച നടിക്കും ആല്‍ബിയ്ക്ക് മികച്ച സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. അവിടെ നിന്ന് തുടങ്ങിയ ബന്ധം വിവാഹത്തില്‍ എത്തി നില്‍ക്കുകയാണ് എന്നാണ് താരം പറയുന്നത്.

ഒന്നിച്ചു ജീവിച്ചാലോ എന്ന് ആദ്യം ചോദിക്കുന്നത് ആല്‍ബിയാണെന്നും നടി പറയുന്നു. എന്നാല്‍ രണ്ടു പേരുടേയും വീടുകളില്‍ നിന്നും എതിര്‍പ്പുകളുണ്ടായി. മതം ആയിരുന്നു അവരുടെ പ്രശ്‌നം. വീട്ടുകാരെ വിഷമിപ്പിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലായിരുന്നു. അതുകൊണ്ട് അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ഒരു വര്‍ഷം കാത്തിരുന്നുവെന്നും താരം പറയുന്നു.

തന്റെയോ ആല്‍ബിയുടേയോ കുടുംബത്തില്‍ മുമ്പ് മിശ്ര വിവാഹം നടന്നിരുന്നില്ല. അതിനാലുണ്ടായിരുന്ന ആകുലതകളാണ് തുടക്കത്തിലെ എതിര്‍പ്പുകള്‍ക്ക് കാരണമെന്നാണ് അപ്‌സര പറയുന്നത്. മതം മാറ്റുമോ എന്നൊക്കെയായിരുന്നു തന്റെ അമ്മയുടെ ചിന്ത. അതേസമയം ആശങ്ക മറ്റൊരു ചുട്ടുപാടില്‍ നിന്നും വരുന്ന പെണ്‍കുട്ടി പൊരുത്തപ്പെട്ട് പോകുമോ എന്നായിരുന്നു ആല്‍ബിയുടെ അമ്മയുടെ ചിന്ത എന്നും അപ്‌സര പറയുന്നു. എന്നാല്‍ കൂടുതല്‍ അറിഞ്ഞപ്പോള്‍ ആ സംശയങ്ങളൊക്കെ മാറിയെന്നും എല്ലാവരും ഇപ്പോള്‍ സന്തോഷത്തിലാണെന്നും അപ്‌സര പറയുന്നു.