സിനിമ സംവിധായകനായത് ഇപ്പോള്‍ എന്നാല്‍ സിനിമയില്‍ എത്തിച്ചത് ലാലേട്ടന്‍; മരക്കാര്‍ കാണാനായി സ്വന്തം ചിത്രത്തിന്റെ റിലീസ് നീട്ടി വച്ച് ജോജു ചിത്രത്തിന്റെ സംവിധായകന്‍

0

ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം ഡിസംബര്‍ രണ്ടിന് തീയറ്ററില്‍ എത്തും. ചിത്രത്തിന്റെ വരവ് ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ആരാധകര്‍.

ഫാന്‍സ് ഷോകളുടെ എണ്ണത്തിലും, തീയറ്ററുകളുടെ എണ്ണത്തിലും തുടങ്ങി മലയാള സിനിമയില്‍ ഇതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും മരക്കാര്‍ മറികടക്കുമെന്ന കോണ്‍ഫിഡന്‍സിലാണ് ആരാധകര്‍. മരക്കാറിന്റെ റിലീസിനെ തുടര്‍ന്ന് സ്വന്തം ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചിരിക്കുകയാണ് ഒരു സംവിധായകന്‍.

ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് തന്റെ ചിത്രത്തിന്റെ റിലീസ് മാറ്റി വച്ച കാര്യം അറിയിച്ചത്. സംവിധായകന്‍ അഖില്‍ മാരാരാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

മരക്കാര്‍ കാണാന്‍ പോകാനാണ് റിലീസ് മാറ്റിയത് എന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ 3ന് പടം ഇറക്കിയാല്‍ താന്‍ മരയ്ക്കാര്‍ കാണാന്‍ പോകുമെന്ന ഭീഷണിയില്‍ വീണ നിര്‍മ്മാതാവ് സിനിമയുടെ റിലീസ് ജനുവരി 7ലേക്ക് മാറ്റിയ വിവരം എല്ലാവരേയും അറിയിക്കുന്നുവെന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്.

സിനിമ സംവിധായകന്‍ ഒക്കെ ഇപ്പൊഴാണെന്നും സിനിമയില്‍ എത്തിച്ചത് ലാലേട്ടന്‍ ആണെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജോജു ജോര്‍ജിനൊപ്പം നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ്, സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’.