മിന്നലേറ്റ് വെടിയുണ്ട പോലെ പതിച്ചതു പോലെയുള്ള ദ്വാരം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്, സംഭവം അത്യപൂര്‍വ്വം

0

ആര്യനാട് (തിരുവനന്തപുരം): കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മിന്നലേറ്റ് വിദ്യാര്‍ത്ഥിയുടെ കാലില്‍ ദ്വാരം വീണു. വെടിയുണ്ട പോലെ പതിച്ചതു പോലെയുള്ള ദ്വാരമാണ് വിദ്യാര്‍ത്ഥിയുടെ കാലില്‍ വീണത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

തേവിയാരുകുന്ന് അമ്പാടി ഭവനില്‍ അമ്പാടി (17) യുടെ വലതു കാലില്‍ മുട്ടിന് താഴെയാണ് ആഴത്തില്‍ മുറിവേറ്റത്. ഞായറാഴ്ച വൈകുന്നേരം വീടിന്റെ മുന്‍വശത്ത് നില്‍ക്കുന്നതിനിടെയാണ് സംഭവം.മിന്നലേറ്റ് വലതുകാലിന്റെ മുട്ടിന് താഴെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം വീഴുകയും മുറിവിന് ചുറ്റും പൊള്ളുകയും ചെയ്തു.

അതേസമയം മിന്നലേറ്റ് ഈ രീതിയില്‍ ആഴത്തില്‍ മുറിവേല്‍ക്കുന്നത് അത്യപൂര്‍വമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അവര്‍ അറിയിച്ചു. ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആദ്യം മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സ നല്‍കി വിതുര ആശുപത്രിയിലേക്ക് മാറ്റി. ആര്യനാട് ഗവണ്മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയാണ് അമ്പാടി. എസ് ബിനു-കെപി അനിത ദമ്പതികളുടെ മകനാണ്.

അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-60 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.