‘എനിക്ക് തോന്നുന്നില്ല പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടുമെന്ന്; ബിഗ് ബോസിലേക്ക് പോകുന്നതിനെക്കുറിച്ച് ധന്യാ മേരി വര്‍ഗ്ഗീസ്

0

മലയാളം ബിഗ്‌ബോസ് പുതിയ സീസണിലേക്ക് പോകുന്നവരുടെ പേരുകള്‍ സ്വയം പ്രഖ്യാപിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ. ആരൊക്കെ പോയേക്കും എന്നാണ് സോഷ്യല്‍മീഡിയയില്‍ ആരാധകരുടെ അഭിപ്രായങ്ങള്‍. സീരിയല്‍ രംഗത്തേയും അവതാരക രംഗത്തേയും നിരവധിയാളുകളുടെ പേരുകള്‍ ബ്ഗ്‌ബോസിലേക്ക് പോകുന്നുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് പലരും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം സീരിയല്‍ താരമായ അനുമോള്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തത്തെിയിരുന്നു. തന്നെ ആരും വിളിച്ചിട്ടില്ലെന്നും വാര്‍ത്ത വ്യാജമാണെന്നുമായിരുന്നു അനുവിന്റെ മറുപടി. എന്നാല്‍ ബിഗ്‌ബോസ്സില്‍ നിന്ന് വിളിച്ചാല്‍ താന്‍ പോകുമെന്നും അനു പറഞ്ഞു.

ഏറ്റവുമൊടുവിലായി പ്രചരിച്ച പേര് ധന്യാമേരി വര്‍ഗ്ഗീസിന്റേതാണ്. സീതാ കല്യാണത്തിലെ നായിക ധന്യാ മേരി വര്‍ഗ്ഗീസ് ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്ത വ്യാജമാണെന്നായിരുന്നു ധന്യയുടെ പ്രതികരണം. ‘അടുത്തിടെ എന്റെ കസിനും എന്നോട് ചോദിച്ചിരുന്നു ബിഗ് ബോസിലേക്ക് പോകുന്നുണ്ടോ എന്ന്. അപ്പോഴാണ് എന്റെ പേരും സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നുണ്ടെന്ന് മനസിലായത്. അതൊരു റൂമര്‍ മാത്രമാണ്. ഞാന്‍ ബിഗ് ബോസിലേക്കില്ല, എന്നെ ഔദ്യോഗികമായി ആരും ഇതുവരെ ബന്ധപ്പെട്ടിട്ടുമില്ല. ഞാന്‍ പോകുമെന്ന് എനിക്ക് തോന്നുന്നില്ല. ഷോ കാണാന്‍ തമാശയും രസവുമൊക്കെയാണ്. അവിടെ എനിക്ക് പിടിച്ചുനില്‍ക്കാനാകുമെന്നും, പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടുമെന്നും തോന്നുന്നില്ല. അവിടെ നല്ലൊരു മത്സരമായിരിക്കും ഇത്തവണ.’ ധന്യ പറയുന്നു.