സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; തിങ്കളാഴ്ച വരെ ശക്തമായ മഴ, ഇന്ന് 11 ജില്ലകളില്‍ യെലോ അലര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 29 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ വിവിധ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. നാളെ കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ട് ഉണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ വ്യാപകമാകുന്നതിന് കാരണമായത്.

അതേസമയം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അസാധാരണമായ മഴയാണ് രേഖപ്പെടുത്തിയത്. സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 110 ശതമനം അധികം മഴയാണ് പെയ്തത്. പത്തനംതിട്ടയിലാണ് ഏറ്റവും അധികം മഴ കിട്ടിയത്.
14 ജില്ലകളിലും വലിയതോതില്‍ മഴ കൂടിയതായാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധിച്ചു. ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്.