കാവ്യഭംഗി തുളുമ്പിയിരുന്ന ആ തൂലിക ഇനി ചലിക്കില്ല; ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

0

തിരുവനന്തപുരം:കാവ്യ ഭംഗി തുളുമ്പുന്ന നിരവധി ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് മരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങള്‍ ബിച്ചു തിരുമലയുടെ തൂലികയില്‍ പിറന്നു വീണിട്ടുണ്ട്. നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലേറേ ഗാനങ്ങള്‍ രചിച്ചു. എഴുപതുകളിലും എണ്‍പതുകളിലും
മനോഹരമായ നിരവധി ഹിറ്റ് ഗാനങ്ങളാണ് ആ തൂലികയില്‍ നിന്നും പിറന്ന് വീണത്.

ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി. എആര്‍ റഹ്മാന്‍ മലയാളത്തില്‍ ചിട്ടപ്പെടുത്തിയ ഏക ഗാനത്തിന് വരികള്‍ എഴുതിയത് ബിച്ചു തിരുമല ആയിരുന്നു.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചു 1981 ലും (തൃഷ്ണ, ‘ശ്രുതിയില്‍നിന്നുയരും.’, തേനും വയമ്പും ‘ഒറ്റക്കമ്പി നാദം മാത്രം മൂളും.’ ), 1991 ലും (കടിഞ്ഞൂല്‍ കല്യാണം- ‘പുലരി വിരിയും മുമ്പേ.’, ‘മനസില്‍ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം.’)

1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്‌ക്കരന്നായരുടെയും മൂത്തമകനായാണ് ബിച്ചു തിരുമല ജനിക്കുന്നത്. ബി. ശിവശങ്കരന് നായര്‍ എന്നായിരുന്നു ശരിക്കും പേര്. അദ്ദേഹത്തിന്റെ വിളിപ്പേരായിരുന്നു ബിച്ചു.

കൃഷ്ണന്നായര്‍ സംവിധാനം ചെയ്ത ‘ശബരിമല ശ്രീ ധര്‍മ്മശാസ്താ’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. പിന്നീടാണ് ഗാനരചനയിലേക്ക് കടക്കുന്നത്. സി.ആര്‍.കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടി ‘ബ്രാഹ്മമുഹൂര്‍ത്തം’ എന്നു തുടങ്ങുന്ന ഗാനമെഴുതിയാണ് തുടക്കം.

എന്നാല്‍ ആദ്യം പുറത്തിറങ്ങിയ ഗാനം ‘അക്കല്‍ദാമ എന്ന ചിത്രത്തിലേതാണ്. 1985-ല്‍ പുറത്തിറങ്ങിയ ‘സത്യം’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി.ശക്തി എന്ന ചിത്രത്തിനായി കഥയും സംഭാഷണവും, ‘ഇഷ്ടപ്രാണേശ്വരി’ എന്ന ചിത്രത്തിന് തിരക്കഥയും രചിച്ചിട്ടുണ്ട്.

ഒരു ഗായകന്‍ കൂടിയാണ് ബിച്ചു തിരുമല. നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍.പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്.