വിവാഹമല്ല വിദ്യാഭ്യാസമാണ് വലുത്; വിവാഹ ദിനത്തില്‍ പരീക്ഷ എഴുതി യുവതി, വൈറലായി വീഡിയോ

0

വിവാഹമല്ല, വിദ്യാഭ്യാസമാണ് പ്രധാനം എന്ന് സ്ത്രീ സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഗുജറാത്തില്‍ നിന്നുള്ളതാണ് ഈ കാഴ്ച. ശാന്തിനികേതന്‍ കോളജിലെ ബിഎസ്ഡബ്ലിയു വിദ്യാര്‍ഥിയായ ശിവാംഗിയാണ് വിവാഹ വസ്ത്രത്തില്‍ പരീക്ഷ എഴുതാന്‍ എത്തിയത്.

അഞ്ചാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെയായിരുന്നു ശിവാംഗിയുടെ വിവാഹം.പരീക്ഷ തിയതി പ്രഖ്യാപിക്കുന്നതിനു മുന്‍പായിരുന്നു വിവാഹം തീരുമാനിച്ചത്. എന്നാല്‍ വിവാഹം ഉണ്ടെന്ന് കരുതി പരീക്ഷ ഉപേക്ഷിക്കാന്‍ ശിവാംഗി തയ്യാറായിരുന്നില്ല. വിവാഹം നടന്നതിന് പിന്നാലെ തന്നെ പരീക്ഷ ഹാളിലേക്ക് എത്തുകയായിരുന്നു ശിവാംഗി.

വിവാഹ വസ്ത്രത്തിലായിരുന്നു ശിവാംഗി പരീക്ഷ എഴുതാന്‍ എത്തിയത്. ശിവാംഗിക്ക് ഒപ്പം നവ വരനും പരീക്ഷ സെന്ററില്‍ എത്തിയിരുന്നു. ശിവാംഗി ഗൗരവത്തോടെ പരീക്ഷ എഴുതുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

വിവാഹത്തോടെ പഠനവും ജോലിയും ഉപേക്ഷിക്കുന്ന അവസ്ഥ ഉണ്ട്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പരീക്ഷ എഴുതുന്ന നവവധുവിന്റെ വിഡിയോ പ്രചരിക്കുന്നത്.

വിവാഹത്തെക്കാള്‍ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കിയ പെണ്‍കുട്ടിയെയും കുടുംബത്തെയും അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. യുവതി മാതൃകയാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.