മരക്കാറിന്റെ ടീസര്‍ കണ്ട് സാക്ഷാല്‍ ഫേസ്ബുക്ക് പറഞ്ഞത് കണ്ടോ; അമ്പരന്ന് മോഹന്‍ലാല്‍ ആരാധകര്‍

0

മലയാള സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. വമ്പന്‍ റിലീസാണ് ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

കേരളത്തില്‍ മാത്രം 600 തീയറ്ററുകളില്‍ ചിത്രം എത്തും. ആഗോള തലത്തില്‍ 3300 സ്‌ക്രീനില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫാന്‍സ് ഷോകളുടെ കാര്യത്തിലും ചിത്രം റെക്കോര്‍ഡ് ഇടും. ആയിരത്തോളം ഫാന്‍സ് ഷോകള്‍ ഉണ്ടാകുമെന്നാണ് സൂചന.

നിലവില്‍ കേരളത്തില്‍ മാത്രം 600ന് മുകളില്‍ ഫാന്‍സ് ഷോകള്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. സിനിമയ്ക്ക് വേണ്ടി വന്‍ പ്രതീക്ഷയിലാണ് ആരാധകര്‍ ഇരിക്കുന്നത്. അതേസമയം ആരാധകരുടെ ആകാംക്ഷ ഇരട്ടിയാക്കി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നിരുന്നു.

24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മരക്കാറിന്റെ ടീസര്‍ വിഡിയോയാണ് പുറത്ത് വന്നത്. വിഡിയോ യൂട്യുബിലെ ട്രെന്‍ഡിങ് ലിസ്റ്റിലും ഇടംനേടി. കഴിഞ്ഞ ദിവസം പുറത്ത് വിട്ട പുതിയ ടീസര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10 ലക്ഷത്തിലധികം പേര് കണ്ടു.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സാക്ഷാല്‍ ഫേസ്ബുക്ക്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി ഈ ഞെട്ടല്‍ ഫേസ്ബുക്ക് രേഖപ്പെടുത്തുകയും ചെയ്തു.എപ്പിക് ടീസര്‍ എന്നാണ് ഫേസ്ബുക്ക് ഔദ്യോഗിക പേജില്‍ നിന്നുള്ള കമന്റ്.

സാക്ഷാല്‍ ഫേസ്ബുക്ക് തന്നെ ഇത്തരത്തില്‍ ഒരു കമന്റുമായി എത്തിയതോടെ ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമായിട്ടാണ് മരക്കാര്‍ ഒരുക്കുന്നത്.
100 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം ഡിസംബര്‍ രണ്ടിന് തീയറ്ററില്‍ എത്തും.