പാലിയേക്കര ടോള്‍ പ്ലാസ നിര്‍മ്മാണം; ചിലവായത് 721.17 കോടി, ഏഴ് വര്‍ഷം ബാക്കി നില്‍ക്കെ പിരിച്ചെടുത്തത് 958.68 കോടി; എന്നിട്ടും നിര്‍ത്താതെ പിരിവ്, പകല്‍ കൊള്ള

0

തൃശൂര്‍: തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നടക്കുന്നത് പകല്‍ കൊള്ള. പാതനിര്‍മ്മാണത്തിന്റെ പത്ത് ശതമാനം തുക അധികം പിരിച്ചെടുത്തിട്ടും ടോള്‍ നിര്‍ത്താതെ കരാര്‍ കമ്പനി. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പാത നിര്‍മ്മാണത്തിന് ചെലവായതിനേക്കള്‍ 236 കോടി രൂപ കരാര്‍ കമ്പനി ഇതിനകം പിരിച്ചെടുത്തതായിട്ടാണ് കണക്കുകള്‍.

2012 ഫെബ്രുവരി ഒമ്പത് മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് തുടങ്ങിയത്.ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുളള കരാര്‍ പ്രകാരം 2028 ജൂലൈ 21 വരെ ടോള്‍ പിരിക്കാനാകും.

ഇതിനകം പിരിച്ചെടുത്തത് 958.68 കോടി രൂപയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മണ്ണുത്തി – ഇടപ്പള്ളി നാലുവരി പാതയുടെ നിര്‍മ്മാണത്തിന് കമ്പനിക്ക് ആകെ ചെലവായത് 721.17 കോടി രൂപയാണ്. ഇതിനോടകം തന്നെ 236 കോടി രൂപ അധികം കരാര്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

നിലവില്‍ ഏകദേശ കണക്ക് പ്രകാരം ഓരോ ദിവസവും ഇവിടെ നിന്ന് പിരിക്കുന്നത് ശരാശരി 30 ലക്ഷം രൂപയാണ്. ഈ കണക്ക് വച്ച് നോക്കുമ്പോള്‍ ടോള്‍ പിരിവിന്റെ കാലാവധി തീരാന്‍ ഇനിയും ഏഴ് വര്‍ഷം ബാക്കി നില്‍ക്കെ ചെലവായതിന്റെ 10 മടങ്ങ് തുക കമ്പനിക്ക് നേടാനാകുമെന്നാണ് വിവരാവകാശ നിയമപ്രകാരമുളള രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നിട്ടും പിരിവ് നിര്‍ത്താന്‍ കരാര്‍ കമ്പനി തയ്യാറായിട്ടില്ല. കരാര്‍ തുകയേക്കാള്‍ രൂപ കമ്പനിക്ക് കിട്ടിയെങ്കിലും കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ടോള്‍ പിരിവ് ഉയര്‍ത്തുകയും ചെയ്തിരുന്നു.പാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനി ചിലവഴിച്ചതിനേക്കാള്‍ തുക കമ്പനിക്ക് കിട്ടിയ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കി ദേശീയപാത അതോറിറ്റി പാത ഏറ്റെടുക്കണമെന്നാണ് പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.