നായകന്റെ കൂടെ നടന്ന് കോമഡി പറഞ്ഞ് മടുത്തപ്പോള്‍ ചോദിച്ച് വാങ്ങിയതാണ് സീരിയസ് കഥാപാത്രം; സുരാജ്

0

ദേശീയ പുരസ്‌കാരം സ്വന്തമാക്കി മലയാളത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. ഹാസ്യ കഥാപാത്രമായി പ്രേക്ഷകര്‍ക്ക് ചിരപരിചിതനായ സുരാജ് പിന്നീട് സീരിയസ് റോളുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം താന്‍ ചോദിച്ചു വാങ്ങിയതാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ സുരാജ്. നായകന്റെ കൂടെ നടന്ന് കോമഡി പറയുന്ന വേഷങ്ങള്‍ മടുത്തു തുടങ്ങിയപ്പോള്‍ താന്‍ ചോദിച്ച് വാങ്ങിയതാണ് സീരിയസ് വേഷമെന്ന് സുരാജ് പറഞ്ഞു.

ഒരു ചാനല്‍ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യം വ്യക്തമാക്കിയത്. എബ്രിഡ് ഷൈനിനോട് ചോദിച്ചു വാങ്ങിയതാണ് ആക്ഷന് ഹീറോ ബിജുവിലെ വേഷം. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം കണ്ടിട്ടാണ് പ്രേക്ഷകര്‍ എനിക്ക് അവാര്‍ഡ് നല്‍കിയതെന്നും താരം പറയുന്നു. സുരാജിന്റെ കഥാപാത്രത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. പവിത്രന്‍ എന്ന കഥാപാത്രത്തെയായിരുന്നു സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ചത്. താന്‍ വളര്‍ത്തിയ കുഞ്ഞ് കാമുകന്റേതായിരുന്നുവെന്ന് ഭാര്യ തുറന്നുപറഞ്ഞപ്പോഴുള്ള പവിത്രന്റെ മാനസികാവസ്ഥ അഭിനയിച്ച് ഫലിപ്പിച്ചിരുന്നു താരം.

കോമഡി ചെയ്ത് മടുത്തപ്പോഴാണ് സംവിധായകന്‍ രഞ്ജിത്തിനോട് തനിക്ക് മറ്റൊരു വേഷം തരാന്‍ പറഞ്ഞതെന്നും സുരാജ് പറഞ്ഞു. സുരാജിന്റെ വാക്കുകള്‍: കോമഡി വേഷങ്ങള്‍ ചെയ്തു ചെയ്തു മടുത്തപ്പോഴാണ് രഞ്ജിയേട്ടനോട് എന്നെ ഒന്ന് രക്ഷപ്പെടുത്താമോ എന്ന് ചോദിക്കുന്നത്. ഇപ്പോള്‍ നീ കോമഡി കളിച്ചു നിറഞ്ഞു നില്‍ക്കുവല്ലേ അത് തുടരട്ടെ, നിന്നെ മാറ്റി പരീക്ഷിക്കണമെന്ന് തോന്നുമ്പോള്‍ അത് ഉണ്ടാവുക തന്നെ ചെയ്യുമെന്ന് പറഞ്ഞതോടെ എനിക്ക് ആത്മവിശ്വാസം കൂടി. രഞ്ജിയേട്ടന്‍ എനിക്ക് സ്പിരിറ്റില്‍ വേറിട്ട ഒരു വേഷവും നല്‍കി.

ആക്ഷന്‍ ഹീറോ ബിജുവിലെ ഒരു രംഗം ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ എല്ലാവരും വന്ന് അഭിനന്ദിച്ചിരുന്നു. ആ അഭിനന്ദനങ്ങള്‍ നല്‍കിയ സന്തോഷം പുരസ്‌കാരനേട്ടത്തിനും അപ്പുറത്തുള്ള സന്തോഷമായിരുന്നുവെന്ന് സുരാജ് നേരത്തേ പ്രതികരിച്ചിരുന്നു. അതേസമയം ദേശീയ പുരസ്‌കാരം ലഭിച്ചു കഴിഞ്ഞു ആ അവാര്‍ഡ് വീട്ടില്‍ കൊണ്ട് വെച്ചതല്ലാതെ കൂടുതല്‍ ആളുകള്‍ ആ സിനിമ കാണാത്തത് കൊണ്ട് അവരുടെ അംഗീകാരം തനിക്ക് ലഭിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.