ആരാധികയുടെ കയ്യില്‍ പച്ച കുത്തിയ പ്രീയതമന്റെ പേര്; ചിരഞ്ജീവി സര്‍ജയുടെ പേരില്‍ നന്ദി പറഞ്ഞ് മേഘ്‌ന

0

സിനിമാലോകത്തെയൊന്നടങ്കം കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് നടന്‍ ചിരഞ്ജീവി സര്‍ജ വിട വാങ്ങിയത്. ഭാര്യ മേഘ്‌ന ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് ചിരഞ്ജീവി സര്‍ജ മരണപ്പെടുന്നത്. മേഘ്‌നയുടെ അവസ്ഥയോര്‍ത്ത് കുടുംബത്തിനൊപ്പം സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ വേദനിച്ചു. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ക്കകമാണ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതം മൂലം മരിച്ചത്. ചിരുവിന്റെ വിയോഗ സമയത്ത് മേഘ്ന അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു.

ചിരഞ്ജീവി സര്‍ജയുടെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും ഇനിയും കരകയറിയിട്ടില്ലെങ്കിലും മകന്‍ ജനിച്ചതോടെ അവന്‍ ചിരഞ്ജീവിയുടെ പുനര്‍ജന്മമാണെന്നാണ് മേഘ്‌ന വിശ്വസിക്കുന്നത്. ഒക്ടോബര്‍ പതിനേഴിന് ചിരുവിന്റെ ജന്മദിനം കഴിഞ്ഞതിന് തൊട്ട് പിന്നാലെ ഒക്ടോബര്‍ 22 നായിരുന്നു മേഘ്ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ചിന്റു എന്ന വിളിപ്പേരിലാണ് താരപുത്രനിപ്പോള്‍ അറിയപ്പെടുന്നത്. ഇപ്പോള്‍ ചിരഞ്ജീവി സര്‍ജയുടെ മകന്റെ ഫോട്ടോ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മകന്‍ ജനിച്ച് മൂന്ന് മാസം പൂര്‍ത്തിയായെന്ന് സൂചിപ്പിച്ച് കൊണ്ട് കുടുംബസമേതമുള്ള ഫോട്ടോ കഴിഞ്ഞ ദിവസം മേഘ്ന പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ചിരഞ്ജീവിയോടുള്ള ആരാധകരുടെ സ്നേഹം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നൈാരു വീഡിയോ ആണ് നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിരഞ്ജീവിയോട് കടുത്ത ആരാധനയുള്ള ഒരു യുവതി സ്വന്തം കൈയില്‍ ചിരഞ്ജീവി സര്‍ജ എന്ന പേര് ടാറ്റു ചെയ്തിരിക്കുകയാണ്. ‘ചിരു അണ്ണന്‍ ഞങ്ങളുടെ അഭിമാനം ആണെന്നാണ്’ വീഡിയോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.

ആരാധകരുടെ ഈ സ്നേഹത്തിന് നന്ദി പറയാന്‍ വാക്കുകളില്ലെന്ന് സൂചിപ്പിച്ച് കൊണ്ടാണ് മേഘ്ന ഈ വീഡിയോ സ്വന്തം പേജിലൂടെ പങ്കുവെച്ചത്. മേഘ്‌ന പങ്കുവെച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ അതിവേഗം വൈറലായിക്കഴിഞ്ഞു.