ചിത്രത്തില്‍ കാണിച്ചതിന്റെ മൂന്നിരട്ടിയോളം പാത്രങ്ങള്‍ ഷൂട്ടിങ് വേളയില്‍ നിമിഷ കഴുകിയിട്ടുണ്ടെന്ന് ജിയോ ബേബി

0

പ്രേക്ഷകര്‍ക്കിടയില്‍ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സ്ത്രീകളേയും അവര്‍ നേരിടേണ്ടി വരുന്ന പ്രശന്ങ്ങളേയും മാനസിക സമ്മര്‍ദ്ദങ്ങളേയുമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ ജിയോ ബേബി അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വ്യക്തമായൊരു രാഷ്ട്രീയം ഉള്ളത് കൊണ്ട് തന്നെ സിനിമ ഇതിനകം വിവാദത്തിലും ഇടം പിടിച്ചിട്ടുണ്ട്. ഇക്കാര്യം താന്‍ നേരത്തേ പ്രതീക്ഷിച്ചതാണെന്ന് ജിയോ പറയുന്നു.

സിനിമയിലെ ഒരു താരങ്ങള്‍ക്കും പ്രത്യേകമായ പേരില്ല എന്നതാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ ഒരു പ്രത്യേകത. കഥാപാത്രങ്ങളെ ഒരു പേരിലേക്ക് ഒതുക്കേണ്ടതില്ല എന്ന് തോന്നിയത് കൊണ്ടാണ് എടീ, ചേട്ടന്‍, അച്ഛന്‍ അമ്മ എന്നിങ്ങനെയാക്കി അവതരിപ്പിച്ചതെന്ന് ജിയോ ബേബി പറഞ്ഞു. ഡബ്ബിങിന്റെ സമയത്ത് അടുക്കളയിലെ ശബ്ദങ്ങള്‍ കേട്ടപ്പോള്‍ ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ യോജിക്കുന്നത് പശ്ചാത്തല സംഗീതത്തെക്കാള്‍ അത് തന്നെയാണെന്ന് തോന്നിയെന്നും ജിയോ പറഞ്ഞു.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ജിയോ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമയ്ക്ക് വേണ്ടി നിമിഷയെ കൊണ്ട് പണിയെടുപ്പിച്ചതിന് കണക്കില്ല. സിനിമയ്ക്ക് വേണ്ടി നിമിഷ ചിത്രത്തില്‍ കാണിച്ചതിന്റെ മൂന്നിരട്ടിയോളം പാത്രങ്ങള്‍ ഷൂട്ടിങ് വേളയില്‍ കഴുകിയിട്ടുണ്ടെന്നും ജിയോ പറഞ്ഞു.

നായികയെ ഏറ്റവും കൂളായ സാഹചര്യത്തില്‍ നിര്‍ത്തി ബുദ്ധിമുട്ടിയ്ക്കുകയായിരുന്നു സിനിമയില്‍. ചെയ്തു നോക്കുമ്പോള്‍ മാത്രമേ ഓരോ ജോലിയ്ക്കും വേണ്ടി വരുന്ന കായിക അധ്വാനം തിരിച്ചറിയുകയുള്ളൂ. കാണുന്നവര്‍ക്ക് ഓ ഇതെന്ത് എന്ന് തോന്നിയേക്കാം. ഞാന്‍ അനുഭവിച്ച ഫ്രസ്ട്രേഷനില്‍ നിന്നാണ് ഈ സിനിമ രൂപപ്പെട്ടത്. എന്റെ അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരിയ്ക്കും ഈ അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ടാവാം. ഭാര്യ പ്രസവം കഴിഞ്ഞു നില്‍ക്കുമ്പോഴൊക്കെ ഞാന്‍ അടുക്കളയില്‍ കയറിയിരുന്നു.

പതിനൊന്ന് മണിയ്ക്കൊക്കെയാണ് അന്ന് അടുക്കളയില്‍ നിന്നും ഇറങ്ങിയത്. അന്നത്തെ എന്റെ മാനസികാവസ്ഥയാണ് ഞാന്‍ നിമിഷയിലൂടെ പുറത്ത് കാണിച്ചത്. ഈ സിനിമ കണ്ട് ലോകം നന്നാക്കാം എന്നൊന്നും എനിയ്ക്ക് വ്യാമോഹമില്ല. ആരെങ്കിലുമൊന്ന് മാറി ചിന്തിച്ചാല്‍ അത് തന്നെ സിനിമയുടെ വിജയമാണ്. സിനിമയ്ക്ക് വ്യക്തമായ രാഷ്ട്രീയം ഉള്ളത് കൊണ്ട് തന്നെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അത് പ്രതീക്ഷിച്ചതാണ്. എന്നാല്‍ അത്രയേറെ വിവാദമാവാത്തതിന് കാരണം. സ്ത്രീ സമൂഹം തന്നെയാണ്. പുരുഷന്മാര്‍ അത് ഏറ്റെടുക്കാത്തതും കാരണമാണ്.

ചിത്രത്തെ കുറിച്ച് പുരുഷന്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ തന്നെ അവരവരുടെ വീടുകളിലെ സ്ത്രീകളില്‍ നിന്ന് തന്നെ മറുപടി ലഭിയ്ക്കുന്നു. ഈ സിനിമ കണ്ട് ഒരു പുരുഷനെങ്കിലും മാറി ചിന്തിച്ചാല്‍, ഒരു സ്ത്രീയെങ്കിലും പ്രതികരിച്ചാല്‍ അത് തന്നെയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന്റെ വിജയം- ജിയോ പറഞ്ഞു