മലയാള മിനിസ്ക്രീനില്‍ നീളന്‍ മുടിയോടെ എത്തിയ താരസുന്ദരിയാണ് അമൃത വര്ണ്ണന്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് വിവാഹം നടന്നത്. പ്രശാന്ത് ആണ് അമൃതയെ സ്വന്തമാക്കിയത്. തിരുവനന്തപുരം സ്വദേശിയായ അമൃത തന്റെ വിവാഹത്തിന് മുന്നോടിയായുള്ള സേവ് ദ ഡേറ്റ് വീഡിയോ യും, ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാര്‍ മുഖംമൂടി എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്.
സീകേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കാര്‍ത്തിക ദീപം എന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സീരിയലുകള്‍ക്ക് പുറമേ പരസ്യങ്ങളിലും ആല്‍ബങ്ങളിലുമൊക്കെ താരം അഭിനയിക്കുന്നുണ്ട്. വിവാഹ ശേഷം ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തില്‍ താരം വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. ഭര്‍ത്താവിനൊപ്പമാണ് അഭിമുഖത്തിന് താരം എത്തിയത്.
തമ്മില്‍ പരിചയപ്പെട്ടതും പ്രണയിച്ചതുമൊക്കെ ഇരുവരും അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. അമൃതയെ കണ്ടുമുട്ടിയതിനെക്കുറിച്ച് പ്രശാന്താണ് പറഞ്ഞുതുടങ്ങിയത്. ‘കോമഡി സ്റ്റാറില്‍ വന്ന സമയത്താണ് അമൃതയെ കണ്ടുമുട്ടിയത്. ഷോ യിലെ ഓഡിയന്‍സായി കാണാന്‍ വന്നതായിരുന്നു താന്‍. അഭിനയിക്കാന്‍ താല്പര്യം ഉള്ളത് കൊണ്ട് എന്നെ കൂടി കൂട്ടുമോന്ന് അണിയറയിലുള്ള ഒരു ചേട്ടനോട് ചോദിച്ചു. അങ്ങനെ സൈഡില്‍ കൂടെ പോയി പുറകിലേക്ക് വരുന്ന വേഷങ്ങളിലായിരുന്നു തുടക്കം. പിന്നെ അവിടുത്തെ കാര്യങ്ങളൊക്കെ നോല്ക്കാന് എന്നെ ഏല്‍പ്പിച്ചു. അന്നാണ് അമൃതയെ ആദ്യം കാണുന്നത്. ഫുഡ് കഴിക്കുന്ന സമയത്ത് ചിക്കന്‍പീസ് കടിച്ച് പറിച്ചോണ്ടിരിക്കുന്ന അമൃതയെയാണ് ഞാന്‍ കണ്ടത്.
ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണോന്ന് ചോദിച്ചാല്‍ ചിക്കന്‍ കടിച്ച് പറിക്കുന്നതൊക്കെ കണ്ടപ്പോള്‍ പേടിയാണ് തോന്നിയതെന്ന് അമൃതയുടെ ഭര്‍ത്താവ് പ്രശാന്ത് പറയുന്നു. അന്ന് തന്നെ ഒരുമിച്ചുള്ള ഒരു സെല്‍ഫി എടുത്തു. പിന്നെ രണ്ടോ മൂന്നോ തവണയേ തമ്മില്‍ കണ്ടിട്ടുള്ളു. മുന്‍പ് അമൃത അഭിനയിച്ചിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയല്‍ കണ്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായിരുന്നു. പിന്നെ അതങ്ങ് വിട്ടു. നേരില്‍ കണ്ടപ്പോള്‍ വീണ്ടും തുടങ്ങി. കല്യാണം കഴിച്ചിട്ടില്ലെന്ന് കൂടി അറിഞ്ഞു. കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി എന്ന നിലയില്‍ ഒരു മീഡിയേറ്റര്‍ വഴി കാര്യം അവതരിപ്പിച്ചു.
ഇത് കേട്ട ഉടനെ അമൃത കുറച്ച് ജാഡയൊക്കെ ഇട്ടു. എനിക്ക് കുറച്ച് പ്രാരാബ്ധം ഒക്കെ ഉണ്ട്. ഒരു വീടൊക്കെ വെക്കണമെന്ന് പറഞ്ഞു. ആയിക്കോട്ടെന്ന് ഞാനും പറഞ്ഞു. എന്റെ പ്രശ്നങ്ങളെല്ലാം തീര്‍ന്ന് വീട്ടില്‍ കല്യാണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ താന്‍ അറിയിക്കാമെന്നും അന്നും താല്പര്യമുണ്ടെങ്കില് വന്ന് ചോദിച്ചോളാന്‍ താന്‍ പറഞ്ഞതായി അമൃതയും വ്യക്തമാക്കി. പ്രശാന്ത് ദുബായില്‍ ജോലിയ്ക്കായി പോയ സമയത്താണ് അമൃത വിളിക്കുന്നത്. ഇഷ്ടം പറഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അത്. അമൃത ഇഷ്ടം പറഞ്ഞ് വിളിച്ചെങ്കിലും താന്‍ വേറെ പ്രണയമുണ്ടെന്ന് പറഞ്ഞ് ജാഡ ഇട്ടു. അതോടെ അവള് പിണങ്ങി പോയി. കുറച്ച് നാളുകള്‍ക്ക് ശേഷം അമൃത തന്നെ എന്നെ വിളിച്ചു.’ പ്രശാന്ത് പറഞ്ഞു.
മണിവര്ണന്-സുചിത്ര ദമ്പതികളുടെ മകളാണ് അമൃത. മാവേലിക്കരയിലേക്കാണ് അമൃതയെ വിവാഹം ചെയ്തയച്ചത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ രംഗത്തെത്തിയ അമൃത ഓട്ടോഗ്രാഫ്, വേളാങ്കണ്ണിമാതാവ്, പട്ടുസാരി, പുനര്‍ജനി, ചക്രവാകം, സ്നേഹക്കൂട്, ഏഴ് രാത്രികള്‍ തുടങ്ങി നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.