‘ചുണ ഉണ്ട്, പക്ഷേ എന്റെ കുഞ്ഞ് ചെറുക്കാന്‍ സമ്മതിക്കില്ല’; തട്ടീംമുട്ടീം താരങ്ങളോട് ശാലു കുര്യന്‍

0

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിലൊന്നാണ് തട്ടീം മുട്ടീം. പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് പരമ്പരയിലെ താരങ്ങള്‍. മോഹനവല്ലിയുടെയും അര്‍ജുനന്റെയും കുടുംബ വിശേഷങ്ങള്‍ ഏറെ താല്‍പര്യത്തോടെയാണ് പ്രേക്ഷകര്‍ കണ്ടിരിക്കുന്നത്. അര്‍ജുനന്റെ ഇളയ സഹോദരന്‍ സഹദേവന്റെ ഭാര്യയായി തട്ടീം മുട്ടീമില്‍ വേഷമിടുന്ന താരമാണ് നടി ശാലു കുര്യന്‍.

അടുത്തിടെ പ്രസവത്തെത്തുടര്‍ന്ന് ശാലു പരമ്പരയില്‍ നിന്ന് താല്‍ക്കാലികമായി ബ്രേക്കെടുത്തിരുന്നു. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനു ശേഷം അമ്മയായ സന്തോഷം ശാലു കുര്യന്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അലിസ്റ്റര്‍ മെല്‍വിന്‍ എന്നാണ് ആദ്യത്തെ കണ്‍മണിക്ക് ശാലുവും ഭര്‍ത്താവും പേരിട്ടത്. പത്തനംതിട്ട റാന്നി സ്വദേശിയായ മെല്‍വിന്‍ ഫിലിപ്പാണ് ശാലുവിന്റെ ജീവിത പങ്കാളി. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ പിആര്‍ മാനേജരാണ് മെല്‍വിന്‍.

തട്ടീം മുട്ടീം പരമ്പര മിസ്സ് ചെയ്യുന്നു എന്നു കുറിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ശാലു പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തട്ടീം മുട്ടീമിലെ സഹതാരങ്ങള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ചാണ് നടി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘പെണ്ണുങ്ങളെ, നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു. നമ്മളുടെ പൊട്ട തമാശകള്‍, ലൂസ് ടോക്സ്, ഷൂട്ടിംങ് അങ്ങനെ എല്ലാം മിസ് ചെയ്യുന്നു. അങ്ങനെ ഞാന്‍ ഇല്ലാതെ നിങ്ങള്‍ അടിച്ചുപൊളിക്കണ്ട. പൂര്‍വ്വാധികം ശക്തയായി ഞാന്‍ തിരിച്ചുവരും’ എന്നാണ് ചിത്രത്തിനൊപ്പം ശാലു കുര്യന്‍ കുറിച്ചത്.

പോസ്റ്റിനു താഴെ കമന്റുമായി മഞ്ജു പിളളയും എത്തി. ‘ചുണ ഉണ്ടെങ്കില്‍ പെട്ടെന്ന് വാടി മരമാക്രി’ എന്നാണ് മഞ്ജു പിളള ശാലു കുര്യന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ‘ചുണ ഉണ്ട്, പക്ഷേ എന്റെ കുഞ്ഞ് ചെറുക്കാന്‍ സമ്മതിക്കില്ല’ എന്നാണ് ശാലു മജ്ഞുവിന്റെ കമന്റിന് സരസമായി മറുപടി നല്‍കിയിരിക്കുന്നത്.