വ്യക്തി ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങള്‍ അഭിനയ ജീവിതത്തേയും ബാധിച്ചു എന്ന രീതിയില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും ശരിയല്ലെന്ന് സീരിയല്‍ താരം ലക്ഷ്മി അസര്‍. തന്നെ ആരും സീരിയലില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും താന്‍ സ്വയം മാറി നില്‍ക്കുകയാണെന്നും താരം പറഞ്ഞു. ആരോപണ വിധേയയാപ്പോള്‍ താന്‍ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത കരിയര്‍ ഒരു നിമിഷം കൊണ്ട് തകര്‍ന്നു. അതില്‍ വിഷമം തോന്നി. തല്‍ക്കാലത്തേക്ക് വര്‍ക്ക് ചെയ്യുന്നില്ല എന്ന് താന്‍ സ്വയം തീരുമാനിച്ചതാണ്. അതല്ലാതെ തന്നെ ആരും സീരിയലില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും താരം പറഞ്ഞു.
പരസ്പരം സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ലക്ഷ്മി അസര്‍. വില്ലത്തി വേഷങ്ങള്‍ കൈകാര്യം ചെയ്തപ്പോഴും ലക്ഷ്മിക്ക് പ്രേക്ഷകര്‍ക്കിടയില്‍ ഒരു സ്ഥാനമുണ്ടാക്കാന്‍ സാധിച്ചിരുന്നു. പ്രണയ വിവാഹമായിരുന്നു ലക്ഷ്മിയുടേത്. മുസ്ലിം മത വിശ്വാസിയായ അസറിനെയാണ് ലക്ഷ്മി പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവര്‍ക്കൊരു കുട്ടിയുമുണ്ട്. ലക്ഷ്മിയുടെ ഭര്‍ത്താവായ അസറിന്റെ സഹോദരന് വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം താരത്തിന്റെ അഭിനയ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.
സോഷ്യല്‍ മീഡിയ വഴി ലക്ഷ്മിക്കെതിരെ മോശം കമന്റുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കേസന്വേഷണങ്ങളുടെ ഭാഗമായി പോലീസ് ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നീട് താരം സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നില്ല. ഇതേത്തുടര്‍ന്ന് അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരകളില്‍ നിന്നും താരത്തെ ഒഴിവാക്കിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് താരമിപ്പോള്‍ പ്രതികരിച്ചത്.
മകളെപ്പറ്റിപ്പോലും ചിലര്‍ മോശം രീതിയില്‍ പറഞ്ഞു. തന്റെ മൂന്ന് വയസ്സുകാരിയായ മകളെ പോലും ചിലര്‍ വിമര്‍ശിച്ചത് വേദനിപ്പിച്ചുവെന്നും ലക്ഷ്മി പറഞ്ഞു.
സര്‍ക്കാരിനേയും ജുഡീഷ്യറിയേയും താന്‍ വിശ്വസിക്കുന്നുണ്ട്. എത്ര കാലം കഴിഞ്ഞാലും സത്യം ജയിക്കുമെന്നാണ് വിശ്വസിക്കുന്നത്. കടുത്ത സൈബര്‍ ആക്രമണം താന്‍ നേരിട്ടു. നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്നും താരം പറഞ്ഞു.
അതേസമയം നീണ്ട ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം ലക്ഷ്മി സോഷ്യല്‍മീഡിയയിലേക്ക് തിരിച്ചെത്തിയിരുന്നു. ‘നമ്മളെ വെറുക്കുന്നവരെ നമ്മള് സ്നേഹിക്കണം, കാരണം അവര്‍ നിങ്ങളുടെ വലിയ ആരാധകര്‍ ആണ്’ എന്ന സ്റ്റാറ്റസ് പോസ്റ്റ് ചെയ്തുകൊണ്ടാണ് ലക്ഷ്മി തിരിച്ചെത്തിയത്. പ്രൊഫൈല്‍ ചിത്രം മാറ്റിക്കൊണ്ടും പുതിയ ബിസിനെസ്സ് സംരംഭത്തെക്കുറിച്ച് സംസാരിച്ചുമാണ് ലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ തിരിച്ചുവരവിന് തുടക്കം കുറിച്ചത്.