അന്ന് വിളിച്ചപ്പോള്‍ പോകാന്‍ പറ്റിയില്ല; ക്രോണിക് ബാച്ചിലറില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ ഇപ്പോഴും വിഷമമുണ്ടെന്ന് നമിത

0

മമ്മൂട്ടി നായകനായെത്തിയ ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാതെ പോയതില്‍ ഇപ്പോഴും വിഷമമുണ്ടെന്ന് വ്യക്തമാക്കി നടി നമിത.
സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ മറ്റ് ചില കാരണങ്ങള്‍കൊണ്ട് ആ കഥാപാത്രത്തെ അവതരിപ്പിക്കാനായില്ലെന്നും നമിത പറയുന്നു. രംഭ അവതരിപ്പിച്ച വേഷം ചെയ്യാനായിരുന്നു നമിതയെ വിളിച്ചിരുന്നത്. ആ സമയത്തൊന്നും തനിക്ക് മാനേജരൊന്നുമുണ്ടായിരുന്നില്ലെന്നും നമിത പറഞ്ഞു. ക്രോണിക് ബാച്ചിലറിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചിരുന്നു. മലയാള പതിപ്പ് നഷ്ടമായതില്‍ ഇപ്പോഴും സങ്കടമുണ്ടെന്നും നമിത പറയുന്നു.

അതേസമയം മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം നമിതയ്ക്ക് ലഭിച്ചിട്ടുണ്ട്. വിജയകാന്തും സത്യരാജും ശരത് കുമാറിനുമൊപ്പമെല്ലാം നമിത ജോലി ചെയ്തിട്ടുണ്ട്. ഇവരുടെയൊക്കെ നായികയായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നു. അതിനു ശേഷം അജിത്തിനും വിജയിനുമൊപ്പവും പ്രവര്‍ത്തിച്ചു. ആ സിനിമകളെല്ലാം വന്‍വിജയമായിരുന്നു. ഗ്ലാമറസ് കഥാപാത്രങ്ങള്‍ ഏറ്റെടുക്കാന്‍ മടിയില്ലാത്തയാളാണ് താനെന്നും താരം പറഞ്ഞിരുന്നു. തമിഴില്‍ ഒട്ടുമിക്ക നടിമാരും ഗ്ലാമര്‍ വേഷം ചെയ്യുന്നത് അവര്‍ തിരഞ്ഞെടുക്കുന്നതല്ല, മറിച്ച് അങ്ങനെ സംഭവിച്ചുപോകുന്നതാണ്. ഗ്ലാമര്‍ വേഷത്തില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കത് ഇഷ്ടമാണെങ്കില്‍ തനിക്കത് സന്തോഷമാണെന്നും താരം പറഞ്ഞിരുന്നു.

അഭിനേത്രിക്ക് പുറമെ നിര്‍മ്മാതാവായി രംഗത്തെത്തുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ നമിത. ബൗ വൗ എന്ന ചിത്രത്തിലൂടെയാണ് നമിത നിര്‍മ്മാതാവാകുന്നത്. നമിത തന്നെയാണ് ചിത്രത്തിലെ പ്രദാന വേഷം കൈകാര്യം ചെയ്യുന്നതും. പ്രശസ്ത യുട്യൂബ് വ്‌ളോഗര്‍ നിക്കി എന്ന കഥാപാത്രമായാണ് നമിത ചിത്രത്തില്‍ എത്തുന്നത്. ഇന്ന് നിര്‍മ്മാതാവാണ് നാളെ തന്നെ സംവിധായികയായും പ്രതീക്ഷിക്കാമെന്നും താരം പറയുന്നു.