മലയാള സിനിമയുടെ പ്രീയപ്പെട്ട മുത്തച്ഛന് ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയെക്കുറിച്ചുള്ള ഹൃദ്യമായ കുറിപ്പുമായി കൊച്ചുമകന് ദീപാങ്കുരന് രംഗത്ത്. മുത്തച്ഛന് രാഷ്ട്രീയ രംഗത്തെ എല്ലാവരുമായുംതന്നെ നല്ല ബന്ധമുണ്ടായിരുന്നുവെന്നും ആരോഗ്യ മന്ത്രി കുടുംബത്തിലെ അംഗങ്ങളെ പോലെ ദിവസവും ഫോണ്‍ ചെയ്തു സുഖാന്വേഷണം നടത്തുമായിരുന്നുവെന്നും അവരെപ്പറ്റി മോശമായി എഴുതിക്കണ്ട് വലിയ ദുഃഖം തോന്നിയെന്നും അത്തരം ട്രോളുകളെ വിശ്വസിക്കരുതെന്നും ദീപാങ്കുരന് എഴുതി.
‘മുത്തശ്ശന്റെ കൂടെ ബഹു: മുഖ്യമന്ത്രി ആശുപത്രിയില്‍ നില്ക്കുന്ന ഫോട്ടോ വച്ച് ട്രോളുകള്‍ കുറെ കണ്ടു. രണ്ടു വര്‍ഷം മുന്‍പെ എടുത്ത ചിത്രമാണ് അത്. ഞാനും സാക്ഷിയാണ്. അദ്ദേഹവും ബഹു: ആരോഗ്യ മന്ത്രിയും നമ്മുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ ദിവസവും ഫോണ്‍ ചെയ്തു സുഖാന്വേഷണം നടത്തുമായിരുന്നു. അവരെപ്പറ്റി മോശമായി എഴുതിക്കണ്ട് വലിയ ദുഃഖം തോന്നി. അത്തരം ട്രോളുകളെ വിശ്വസിക്കരുത്.
മാത്രമല്ല എന്റെ അമ്മാമന് ശ്രീ. ഭവദാസന്‍ നമ്പൂതിരി ഒരു വര്‍ഷമായിട്ട് ജോലി രാജിവച്ച് കൂടെ നില്‍ക്കുകയായിരുന്നു. ഒരാളെയും വീട്ടിലേക്ക് കയറ്റാതെ, ഒരു അച്ഛനെ ഇതില്‍ കൂടുതല്‍ സ്നേഹത്തോടെ പരിചരിക്കാന്‍ ഒരാള്‍ക്ക് സാധിക്കില്ല. ആശുപത്രിയില്‍ അടിയന്തിരമായി പോകേണ്ട ആവശ്യം വന്നപ്പോള്‍ കുറച്ച് നാള് അവിടെ അഡ്മിറ്റഡ് ആയിരുന്നു. 98 വയസ്സുണ്ടായിരുന്ന ഒരു വ്യക്തിക്ക് പ്രതിരോധ ശക്തി കുറവായിരിക്കുമല്ലോ. അങ്ങനെ എങ്ങനെയോ വന്നതായിരുന്നു കോവിഡ്.’ ദീപാങ്കുരന്റെ കുറിപ്പില്‍ പറയുന്നു.
എ.കെ.ജിയുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും, തിരുവനന്തപുരത്ത് പോകുമ്പോള്‍ എ.കെ.ജിയോടൊപ്പമാണ് താമസിക്കാറുള്ളതെന്നും അദ്ദേഹം എനിക്ക് എഴുതുന്ന കത്തുകളില്‍ മൈ ഡിയര്‍, ഡിയര്‍, ഉണ്ണി എന്ന് പറഞ്ഞാണ് അഭിസംബോധന ചെയ്യുകയെന്നും ഉണ്ണികൃഷ്ണന് നമ്പൂതിരി നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.