മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ ആരെയാണ് ഏറ്റവുമിഷ്ടം? ഉത്തരം നല്‍കി ഇമ്മാനുവലിലെ റീനു മാത്യൂസ്

0

മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ ആരെയാണ് ഏറ്റവുമിഷ്ടം? ഈ ചോദ്യം കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. ഈ ചോദ്യത്തിന് ഉത്തരം നല്‍കാത്തവരും കുറവായിരിക്കും. ഇതേ ചോദ്യം ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റീനു മാത്യൂസ്. താന്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധികയാണെന്ന് നടി ഉത്തരമായി പറഞ്ഞു. മെഗാസ്റ്റാറിനും സംവിധായകന്‍ ലാല്‍ ജോസിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ചോദ്യത്തിന് താരം മറുപടി നല്‍കിയത്. ഇന്‍സ്റ്റഗ്രാം ക്യു/എ സെക്ഷനിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിനും മുന്‍പും മമ്മൂക്കയോടുള്ള ആരാധനയെ കുറിച്ച് റീനു തുറന്ന് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പമായിരുന്നു നടിയുടെ സിനിമാ കരിയര്‍ ആരംഭിച്ചത്. 2013 ല്‍ പുറത്തിറങ്ങിയ ഇമ്മാനുവലില്‍ മെഗാസ്റ്റാറിന്റെ ഭാര്യയായിട്ടാണ് താരം എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാനും നടിക്ക് കഴിഞ്ഞിരുന്നു. ഇമ്മാനുവേലിലെ ആനിയാണ് റീനുവിന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം. അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2013 ല്‍ പുറത്തിറങ്ങിയ അന്തോളജി ചിത്രമായ അഞ്ച് സുന്ദരികളിലെ ഒരു ചെറിയ ചിത്രമായ കുള്ളന്റെ ഭാര്യയാണ് അഭിനയിച്ചതില്‍ ഏറ്റവുമിഷ്ടമുള്ള ചിത്രമെന്നും റീനു പറഞ്ഞു.

നടി എന്നതില്‍ ഉപരി എയര്‍ഹോസ്റ്റസാണ് റീനു. സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിക്കാന്‍ നടി തയ്യാറല്ല. നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതിനെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ജോലിക്കിടയില്‍ നല്ല അവസരം വരുമ്പോള്‍ സിനിമ ചെയ്യാമെന്നാണ് തീരുമാനമെന്നാണ് അന്ന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞത്. ജോലിയിലെ തിരക്കും ലീവ് അഡ്ജസ്റ്റ് ചെയ്യുന്നതിലെ ബുദ്ധിമുട്ടും കാരണം ചില സിനിമകള്‍ വേണ്ടെന്നു വച്ചിട്ടുണ്ടെന്നും റീനു പറഞ്ഞിരുന്നു.