‘ദ് ഗ്രേറ്റ് ഫാദറി’ലെ സാറയെ ആരും മറന്നിട്ടുണ്ടാകില്ല. ‘കഥ തുടരുന്നു’ എന്ന സിനിമയിലെ ലയക്കുട്ടി, ‘ഭാസ്കര്‍ ദ് റാസ്കലി’ലെ ശിവാനി തുടങ്ങി അനിഖ മനോഹരമാക്കിയ ഒരുപിടി കഥാപാത്രങ്ങളുണ്ട്. അതിമനോഹരമായ ചിരിയും നിഷ്കളങ്കമായ മുഖവുമൊക്കെയായി പ്രേക്ഷകരുടെ മനം കവര്‍ന്ന സുന്ദരിക്കുട്ടിയാണ് അനിഖ. കുട്ടിക്കഥാപാത്രങ്ങള് വിട്ട് അനിഖയിപ്പോള് കുറച്ചുകൂടി മുതിര്‍ന്നിരിക്കുകയാണ്. കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളില്‍ 11ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനിഖയിപ്പോള്.
കൗമാരത്തിലേക്ക് കടന്നതുകൊണ്ടുതന്നെ അനിഖയിപ്പോള് സൗന്ദര്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുവാണ്. വീട്ടിലെ കനിയാണ് അനിഖ. കനിക്ക് സൗന്ദര്യ ടിപ്സ് പറഞ്ഞുകൊടുക്കുന്നത് അമ്മ രജിതയാണ്. സൗന്ദര്യ പരിചരണത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അനിഖ അമ്മയ്ക്കാണു നല്‍കുന്നത്. ‘മുടിയും സ്കിന്നും നന്നായി ശ്രദ്ധിക്കണമെന്ന് അമ്മ എപ്പോഴും പറയുമെന്ന് അനിഖ പറയുന്നു. ശനിയും ഞായറും സൗന്ദര്യ പരിചരണത്തിനായി മാറ്റി വച്ചിരിക്കുകയാണ് അനിഖ.
മേക്കപ്പിനെക്കുറിച്ചും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും അനഖ പറയുന്നത് ഇങ്ങനെ:”മേക്കപ് എനിക്ക് ഏറെ ഇഷ്ടമാണ്. നിലവാരമുള്ള മേക്കപ് പ്രോഡക്റ്റുകള്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഫോട്ടോ ഷൂട്ടുകളിലും ഷൂട്ടുകളിലും മാത്രമേ ഹെവി മേക്കപ് ഉപയോഗിക്കൂ. ബ്രഷ് പോലുള്ളവയുടെ ഹൈജീന്‍ പ്രധാനമാണല്ലോ. കോസ്മറ്റിക്സില് എനിക്കു വിശ്വാസമുള്ള കുറേ ബ്രാന്‍ഡുകളുണ്ട്. ലിപ്സ്, കവിളുകള്‍ ഇവയുടെ മേക്കപ്പില്‍ ബ്ലഷ്, ഹൈലൈറ്റ് ഇവ ഒക്കെ കൂടുതല്‍ ശ്രദ്ധിക്കും”. മേക്കപ് റിമൂവറുകളൊക്കെ ഒഴിവാക്കും. വെളിച്ചെണ്ണ കൊണ്ട് മുഖം നന്നായി സ്ക്രബ് ചെയ്ത ശേഷം ഫെയ്സ് വാഷോ ക്ലെന്‍സറോ ഉപയോഗിക്കും.
വീട്ടില്‍ തന്നെ തയാറാക്കുന്ന തേങ്ങാപ്പാല്‍ വെന്ത വെളിച്ചെണ്ണ അമ്മ തലയില്‍ തേച്ചു തരും. വീക്കെന്‍ഡിലാണ് എണ്ണ തേയ്ക്കുന്നത്. എണ്ണ ഒരു ദിവസത്തോളം തലയിലിരുന്നാല്‍ മുഖത്തു കുരു വരും. അതിനാല്‍ എണ്ണ വച്ചാല്‍ 20 മിനിറ്റു കഴിയുമ്പോള്‍ കഴുകും. ഈ കുരുക്കളില്‍ ചെറിയ ഉള്ളിയുടെ നീര് പുരട്ടുമ്പോള്‍ അവ മാറുന്നതായി കണ്ടിട്ടുണ്ട്. മുടിയില്‍ കളര്‍ ചെയ്തിട്ടുണ്ട്. കളര്‍ നിലനിര്‍ത്തുന്നതിന് ഇടയ്ക്ക് ഓര്‍ഗാനിക് ഹെയര്‍ മാസ്കും ഇടാറുണ്ട്.” മുഖം ക്ലെന്‍സ് ചെയ്യാന്‍ പാല് പുരട്ടും. ടാന്‍ മാറുന്നതിന് തൈരും മഞ്ഞളും കടലമാവും ചേര്‍ത്ത പായ്ക്ക് ഇടും. അത് 20 മിനിറ്റു കഴിയുമ്പോള്‍ കഴുകും. മുഖം വൃത്തിയാകുന്നതിന് നാരങ്ങാനീരും തേനും ചേര്‍ത്ത് ഇടയ്ക്കു മുഖത്തു പുരട്ടും. അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ കഴുകും.
”എന്റെ ചര്‍മം അല്പം കോംബിനേഷന്‍ പ്രകൃതമാണ്. അല്പം ഓയിലിയുമാണ്. ഡ്രൈ ആയ സ്കിന്നില്‍ പാല്‍പ്പാട പുരട്ടാറുണ്ട്. വീക് എന്ഡുകളില് ചിലപ്പോള്‍ ചാര്‍ക്കോള്‍ മാസ്ക്കോ തൈരോ ഫെയ്സ് മാസ്ക് ആയി ഇടും. ഇപ്പോള്‍ രാത്രിയിലും സ്കിന്‍ കെയര്‍ റുട്ടീന്‍ ഉണ്ട്. സിറമോ അലോവെര ജെല്ലോ മുഖത്തു പുരട്ടും. ഉറങ്ങും മുന്‍പ് കഴുകിക്കളയും. വെള്ളം കുടിക്കുകയും കൃത്യമായി ഉറങ്ങുകയും ചെയ്യുന്നതിനാല്‍ കണ്ണിന് ഡാര്‍ക് സര്‍ക്കിള്‍ പ്രശ്നമില്ല”.
സൗന്ദര്യ സംരക്ഷണത്തിനായി അനിഖ ഭക്ഷണകാര്യങ്ങളിലും ശ്രദ്ധിക്കാറുണ്ട്. സൗന്ദര്യത്തിനു വേണ്ടി ഇലക്കറികള്‍, ചീരയിലയും മുരിങ്ങയിലയുമൊക്കെ കഴിക്കണമെന്ന് അമ്മ പറയാറുണ്ടെന്ന് അനിഖ പറയുന്നു. സാലഡും കഴിക്കാറുണ്ട്. പാലില്‍ ഹോര്‍ലിക്സിട്ടു കുടിക്കും, മുട്ട കഴിക്കും, തൈര് കുടിക്കാനും ഇഷ്ടമാണ്. ബദാമും ഡ്രൈ ഫ്രൂട്ട്സും കഴിക്കും. എള്ളും കഴിക്കാറുണ്ട്. കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കും. ചോറ് അളവു കുറച്ച് പച്ചക്കറികള്‍, തോരനൊക്കെ കൂടുതല്‍ കഴിക്കും. എണ്ണയുള്ള ഭക്ഷണവും കുറയ്ക്കും. എന്നാല്‍ ബര്‍ഗര്‍ വലിയ ഇഷ്ടമാണ്.
രാത്രി വീട്ടില്‍ എല്ലാവരും ചപ്പാത്തി കഴിക്കും. അല്ലെങ്കില്‍ ചെറുപയറുമുളപ്പിച്ചതു കൊണ്ടുള്ള സാലഡ് കഴിക്കും. ഈ സാലഡ് മുടിക്കു നല്ലതാണെന്നും അമ്മ പറയാറുണ്ട് .” ഒരു ലീറ്ററിന്റെ വാട്ടര്‍ ബോട്ടില്‍ ഒപ്പം കരുതിയിട്ടുണ്ട് അനിഖ. രാവിലെ മുതല്‍ ഉച്ച വരെയുള്ള സമയം കൊണ്ട് ഒരു ലീറ്റര്‍ വെള്ളം കുടിക്കും. ഉച്ച കഴിഞ്ഞ് വൈകുന്നേരം വരെയുള്ള സമയം കൊണ്ട് അടുത്ത ഒരു ലീറ്റര്‍ തീര്‍ക്കും. വൈകുന്നേരം മുതല്‍ രാത്രി വരെയുള്ള സമയം കൊണ്ടു ഒരു ലീറ്റര്‍ കൂടി കുടിക്കും. എട്ടു മണിക്കൂര്‍ ഉറങ്ങാനും ശ്രദ്ധിക്കാറുണ്ട്. അനിഖ പറഞ്ഞു.