മരക്കാറിനു വേണ്ടി 200 തിയേറ്ററുകൾ കിട്ടണമെന്ന് ആൻറണി പെരുമ്പാവൂർ ആവശ്യപ്പെട്ടതാണ്, എന്നാൽ 86 തിയേറ്ററുകളിൽനിന്ന് മാത്രമാണ് അദ്ദേഹത്തിന് മറുപടി വന്നത്. വൈകാരികമായി വായിൽ തോന്നിയത് വിളിച്ചു പറയരുത്… നിർമ്മാതാവ് ഒ ടി ടി റിലീസ് തീരുമാനിച്ചാൽ അതിനെ സ്വാഗതം ചെയ്യും എന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ.

0

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത്. ഈ കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തെ സംബന്ധിച്ച ചില വാർത്തകൾ പുറത്തുവന്നിരുന്നു. ചിത്രം ഒ ടി ടി റിലീസിന് പരിഗണിക്കുന്നു എന്ന വാർത്തകൾ ആയിരുന്നു അത്. ഇതിൻ്റെ ആദ്യഘട്ടമെന്നോണം ആമസോൺ പ്രൈം അധികൃതരുമായി നിർമാതാവ് ആൻറണി പെരുമ്പാവൂർ ചർച്ച നടത്തിയിരുന്നു എന്ന സൂചനകളും പുറത്തുവന്നു.

തൊട്ടുപിറകെ തിയേറ്റർ സംഘടനകൾ ഇതിനെതിരെ രംഗത്തു വന്നിരുന്നു എന്ന് റിപ്പോർട്ടുകളും വന്നു. ഇപ്പോഴിതാ ഇതിനെ സംബന്ധിച്ച് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സിയാദ് കോക്കർ പ്രതികരിക്കുകയാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെ. മരയ്ക്കാർ വിഷയത്തിൽ ഒരുതരത്തിലുള്ള പ്രതിഷേധവും ഇല്ല. തിയേറ്റർ സംഘടനയുടെ അംഗമായിരുന്നു ആൻറണി പെരുമ്പാവൂർ. കോവിഡ് തുടങ്ങിയ സമയത്ത് സിനിമ തീയേറ്ററിൽ പ്രദർശിപ്പിക്കാൻ അദ്ദേഹം തയ്യാറായിരുന്നു. ഇരുന്നൂറോളം തിയേറ്ററുകൾ മൂന്ന് ആഴ്ചത്തേക്ക് തനിക്ക് കിട്ടണം എന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.

ഇത് ഫിയോക് അംഗീകരിക്കുകയും തിയേറ്റർ ഉടമകൾക്ക് എഗ്രിമെൻറ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ 86 തീയേറ്ററുകളിൽ നിന്ന് മാത്രമാണ് മറുപടി വന്നത്. ഇത്രയേറെ റിസ്ക് എടുത്ത് ഈ ചിത്രം റിലീസ് ചെയ്യുമ്പോൾ 86 തിയേറ്ററുകളിൽ മാത്രം പ്രദർശിപ്പിച്ചാൽ മതിയാകുമോ? വൈകാരികമായി വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത് കൊണ്ട് യാതൊരു അർത്ഥവുമില്ല. അഡ്വാൻസ് കൊടുക്കുക എന്ന് പറഞ്ഞാൽ വലിയ കാര്യമൊന്നുമില്ല.

ഓ ടി ടി റിലീസ് ചെയ്യുക എന്നത് നിർമ്മാതാവിൻ്റെ തീരുമാനം ആണെങ്കിൽ അതിനെ സ്വാഗതം ചെയ്യും. ഇപ്പോൾ അൻപത് ശതമാനം മാത്രമാണ് പ്രേക്ഷകർ. ഈ അവസ്ഥയിൽ എല്ലാ നഷ്ടവും സഹിച്ച് പടം റിലീസ് ചെയ്യട്ടെ എന്ന് തീരുമാനിക്കുന്നത് ആണോ മര്യാദ? ഇവരെയെല്ലാം സംയുക്തമായി കൊണ്ടുവരിക എന്നതാണ് സംഘടനകൾ ചെയ്യേണ്ടിയിരുന്നത്. സിയാദ് കോക്കർ പറയുന്നു.