തമന്ന മുതല്‍ സമന്ത വരെ; കടലോരത്തും കായലോരത്തും ആഡംബര സൗധങ്ങള്‍ സ്വന്തമാക്കി താരങ്ങള്‍

0

കോടികള്‍ വില വരുന്ന ആഡംബരസൗധങ്ങള്‍ സ്വന്തമാക്കുന്നവരാണ് ചലച്ചിത്ര താരങ്ങള്‍. സാധാരണക്കാരന് ഇതൊക്കെ സ്വപ്‌നം മാത്രമാകുമ്പോള്‍ സെലിബ്രിറ്റികള്‍ക്ക് ഇതൊക്കെ വളരെ നിസ്സാരമാണ്. മാത്രമല്ല, പലയിടത്തായി ഇത്തരം ആഡംബര സൗധങ്ങള്‍ വാങ്ങിക്കൂട്ടിയവരാണ് താരങ്ങളില്‍ പലരും. അനുഷ്‌ക ശര്‍മ്മ, ദീപിക പദുക്കോണ്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, പ്രഭാസ്, യഷ്, മമ്മൂട്ടി, മോഹന്‍ ലാല്‍, വിജയ്, സൂര്യ, രജനികാന്ത് തുടങ്ങി ഇന്ത്യന്‍ സിനിമലോകത്തെ സൂപ്പര്‍സ്റ്റാറുകളില്‍ മിക്കവര്‍ക്കും പലയിടത്തായി ഇത്തരം പല സ്വപ്‌ന സൗധങ്ങളുണ്ട്.

അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, മോഹന്‍ ലാല്‍, ഹൃത്വിക് റോഷന്‍, സോനം കപൂര്‍, ഐശ്വര്യ റായി എന്നിവര്‍ക്ക് ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ആഡംബരഭവനങ്ങളുണ്ട്. കടലും ബീച്ചും കാനന ഭംഗിയും പച്ചപ്പും ഹരിതാഭയും അങ്ങനെയങ്ങനെ വീടുകള്‍ സ്വന്തമാക്കുന്ന സ്ഥലങ്ങളോട് ആകര്‍ഷണം തോന്നുന്ന കാരണങ്ങള്‍ പലതാണ്. കടല്‍ തീരത്തെ കാഴ്ചകള്‍ ആസ്വദിക്കാനായി മുംബൈയിലെ ജുഹുവില്‍ അത്യാഡംബര ഫ്‌ലാറ്റുകള്‍ സ്വന്തമാക്കിയവ താരങ്ങളുമുണ്ട്. മുംബൈയിലെ ആഡംബര പ്രദേശമായ ജുഹുവിലാണ് ബോളിവുഡിലെ മിക്ക താരങ്ങളും തങ്ങളുടെ സ്വപ്നഭവനങ്ങള്‍ സ്വന്തമാക്കിയത്.

കടലിന്റെ ഭംഗി ആസ്വദിക്കാനായി കടലിനോട് ചേര്‍ന്ന ജുഹു-വെര്‍സോവ ലിങ്ക് റോഡിലുള്ള ബേവ്യൂ കെട്ടിടത്തിന്റെ പതിനാലാം നിലയിലുള്ള ഫ്‌ലാറ്റാണ് നടി തമന്ന സ്വന്തമാക്കിയത്. 16.6 കോടി രൂപ മുടക്കിയാണ് മുംബൈയിലെ വെര്‍സോവയില്‍ തമന്ന തന്റെ സ്വപ്നഭവനം സ്വന്തമാക്കിയത്. 2,055 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്‌ലാറ്റിന്റെ രജിസ്‌ട്രേഷന്‍ സ്റ്റാമ്പ് ഡ്യൂട്ടിയായി 99.60 ലക്ഷം രൂപയാണ് താരം നല്‍കിയത്. പുതുതായി വാങ്ങിയ പ്രോപ്പര്‍ട്ടിയിലെ ഇന്റീരിയര്‍ ഡിസൈനിന് രണ്ട് കോടി രൂപയാണ് താരം ചെലവാക്കിയത്. അങ്ങനെ ആകെമൊത്തം 18 കോടി രൂപയാണ് തമന്നയുടെ ഫ്‌ലാറ്റിന്റെ വില.

ഹൈദരാബാദിലാണ് സമന്തയും ഭര്‍ത്താവും നടനുമായ നാഗചൈതന്യയും താമസിക്കുന്നത്. വീടിന്റെ അകവും പുറവും ചെടികളും കൃഷികളുമായി സമൃദ്ധമായ അത്യാഡംബര റിസോര്‍ട്ട് തന്നെയാണ് നടി സാമന്തയുടെ വീട്. ലോക്ക് ഡൗണ്‍ കാലത്താണ് താരം കൃഷി ആരംഭിച്ചത്. മരത്തിന്റെ ഫ്‌ലോറിംഗും വെള്ളയും ഇളം നിറങ്ങളുമാണ് വീടിന്റെ മോടി കൂട്ടുന്നത്. ഒപ്പം ബുദ്ധ പ്രതിമയും അതി മനോഹരമായ സ്വിമ്മിങ് പൂളും വീടിന് മാറ്റേകുന്നു.

സിനിമ മോഹവുമായി മുംബൈയില്‍ എത്തിയപ്പോള്‍ അന്ന് പേയിങ് ഗസ്റ്റായി താമസിച്ച ഫ്‌ലാറ്റ് വര്‍ഷങ്ങള്‍ക്കിപ്പുറം വിലയ്ക്കു വാങ്ങിയ താരമാണ് ബോളിവുഡിന്റെ യങ്-സ്‌റ്റൈലിഷ് ആക്ടര്‍ കാര്‍ത്തിക് ആര്യന്‍. മുംബൈയിലെ വെര്‍സോവയിലുള്ള അപ്പാര്‍ട്ട്‌മെന്റ് 1.60 കോടി രൂപയ്ക്കാണ് കാര്‍ത്തിക് ആര്യന്‍ വാങ്ങിയത്. സ്വീകരണമുറിയിലും വീടിന്റെ പൊതുവായ സ്ഥലങ്ങളിലുമുള്ള ഫര്‍ണിച്ചര്‍, ലൈറ്റിങ്, കര്‍ട്ടണുകള്‍ എന്നിവയുടെ സംയോജനമാണ് കാര്‍ത്തിക്കിന്റെ വീടിനെ വ്യത്യസ്തമാക്കുന്നത്.

മുംബൈിലെ ഖറില്‍ 31.5 കോടി രൂപ ചെലവിട്ട് മൂന്ന് അപ്പാര്‍ട്ട്‌മെന്റുകളാണ് ബോളിവുഡിന്റെ യങ്-സ്‌റ്റൈലിഷ് സൂപ്പര്‍താരം ടൈഗര്‍ ഷെറഫ് വാങ്ങിയത്. ഒന്‍പതാം നിലയിലും 21-ാം നിലയിലുമാണ് താരം ഫ്‌ലാറ്റുകള്‍ വാങ്ങിയത്. ഒന്‍പതാം നിലയിലെ ഫ്‌ലാറ്റിന് ഏകദേശം 7.61 കോടി രൂപയും 21-ാം നിലയിലുള്ള രണ്ട് ഫ്‌ലാറ്റുകള്‍ക്ക് 22.33 കോടി രൂപയുമാണ് വില.