ഒരു മുത്തശ്ശിഖദ എന്ന ചിത്രത്തിലൂടെയെത്തി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രാജിനി ചാണ്ടി. നമുക്കിടയിലെ ആരോ എന്ന് തോന്നിപ്പിക്കുന്ന വ്യക്തിത്വത്തിനുടമയായ രാജിനി ചാണ്ടിയുടെ പുതിയ മേക്ക് ഓവര്‍ ചിത്രങ്ങള്‍ അടുത്തിടെ ഏറെ വൈറലായിരുന്നു. പലരും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയപ്പോള്‍ മറ്റ് ചിലര്‍ അശ്ലീലവും അപമാനകരവുമായ അഭിപ്രായങ്ങള്‍ കൊണ്ടാണ് രാജിനി ചാണ്ടിയെ ആക്രമിച്ചത്. എഴുപതാമത്തെ വയസ്സില്‍ രാജിനിയില് നിന്നും ഇത്രയും കിടിലന്‍ മേക്കോവര്‍ ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം.
വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നപ്പോള്‍ താന്‍ സ്വിം സ്യൂട്ട് ധരിച്ച് നില്ക്കുന്ന കിടിലന്‍ ചിത്രങ്ങള്‍ കൂടി പുറത്ത് വിട്ടാണ് രാജിനി ചാണ്ടി മറുപടി നല്‍കിയത്. എന്തായാലും രാജിനി ചാണ്ടി സ്ഥിരമായി വാര്‍ത്തയിലിടം പിടിച്ചതോടെ ഇപ്പോള്‍ പഴയൊരു വീഡിയോ കൂടി വൈറലാവുകയാണ്. ജെബി ജംഗ്ഷന് പരിപാടിയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുമ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് രാജിനി ചാണ്ടി പറയുന്ന വീഡിയോയാണ് വൈറലാകുന്നത്.
പത്തൊന്‍പതാമത്തെ വയസില്‍ വിവാഹിതയായതിനെ കുറിച്ചാണ് രാജിനി പറഞ്ഞത്. പ്രിയതമയെ ആദ്യം കണ്ടുമുട്ടിയതിനെ കുറിച്ച് ആദ്യം പറഞ്ഞത് ഭര്‍ത്താവായ ചാണ്ടിയായിരുന്നു. ‘വീട്ടുകാര്‍ സാധാരണ പോലെ ആലോചിച്ച് ഉറപ്പിച്ച് പെണ്ണ് കാണാന്‍ പോയതാണ്. ആദ്യ കാഴ്ചയില്‍ തന്നെ രാജിനിയെ ഇഷ്ടപ്പെട്ടു. പത്തൊന്‍പത് വയസ് തികഞ്ഞിട്ടില്ല എങ്കിലും രാജിനി അന്ന് ഭയങ്കര ബോള്‍ഡ് ആയിരുന്നു.
പാല അല്‍ഫോണ്‍സ കോളേജില്‍ ബിഎസ്സിയ്ക്ക് പഠിക്കുകയായിരുന്നു. എന്തായാലും ഞങ്ങള്‍ കണ്ടു, വീട്ടുകാരും കണ്ടു. മാര്‍ച്ചിലായിരുന്നു പെണ്ണ് കാണാന്‍ പോയത്. ജൂണ്‍ ഒന്നിന് ഞങ്ങളുടെ വിവാഹം നടന്നു. അതിനിടെ ഒന്ന് രണ്ട് എഴുത്തൊക്കെ എഴുതിയിട്ടുണ്ടെന്ന് അല്ലാതെ അതില്‍ കൂടുതല്‍ പരിചയങ്ങളൊന്നുമില്ല.വിവാഹം കഴിഞ്ഞ് ഞങ്ങള്‍ ബോംബെയില്‍ ചെന്നതിന് ശേഷമാണ് രാജിനിയുടെ പത്തൊന്‍പതാമത്തെ പിറന്നാള്‍ ആഘോഷിക്കുന്നത്.’ ചാണ്ടി പറഞ്ഞു.
‘ചാണ്ടിച്ചന്‍ തലമുടി നരച്ചതിന് ശേഷം ഞാന്‍ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണോ പ്രായ വ്യത്യാസമുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വന്നിരുന്നു. കാര്യം ഞങ്ങള്‍ തമ്മില്‍ എട്ടോ ഒന്‍പതോ വയസ് വ്യത്യാസമേ ഉള്ളു. എന്തായാലും എന്റെ തലമുടി നരയ്ക്കുമ്പോള്‍ ഞാന്‍ ഡൈ ചെയ്യില്ലെന്ന് അന്ന് തീരുമാനിച്ചതാണ്. ചാണ്ടിച്ചായനും അതില്‍ ഓപ്ഷനൊന്നും പറഞ്ഞില്ല. പ്രീഡിഗ്രിയ്ക്ക് കോളേജ് കാലം എന്ജോയ് ചെയ്തു. പക്ഷേ ആരും പ്രണയം പറഞ്ഞ് എന്റെ അടുത്തേക്കോ ഞാന്‍ അവരുടെ അടുത്തേക്കോ പോയില്ല. ഇപ്പോഴത്തെ പതിനാല്, പതിനഞ്ച് വയസുള്ള കുട്ടികള്ക്കെല്ലാമാണ് പ്രണയം. അതിനെ കുറിച്ച് അവര്‍ക്ക് എല്ലാം അറിയുകയും ചെയ്യും’.
‘എന്നാല്‍ എനിക്ക് പത്തൊന്‍പത് വയസുള്ള കാലത്ത് ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് പോലും കൃത്യമായി അറിയില്ലായിരുന്നു. കല്യാണം കഴിഞ്ഞാല്‍ കൈനിറയെ വളയൊക്കെ ഇട്ട് ബന്ധുക്കളുടെ വീടുകളിലൂടെ ഉണ്ടും തിന്നും നടക്കാമെന്നാണ് ഞാന്‍ കരുതിയത്. ഇതിനകത്ത് വേറെ സംഗതികളുണ്ടെന്ന് അറിഞ്ഞത് കല്യാണത്തിന് ശേഷമാണ്’ രാജിനി ചാണ്ടി പറഞ്ഞു.