സീരിയല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് മിനിസ്ക്രീന്‍ താരം ശ്രുതി. ഉപ്പും മുളകും എന്ന സീരിയല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നാലെ ആ ഒരു പാറ്റേണ്‍ പിന്തുടര്ന്ന് ഫ്ളവേഴ്സ് ചാനല്‍ തന്നെ പുറത്തുവിട്ട സീരിയലാണ് ചക്കപ്പഴം. പ്രതീക്ഷ തെറ്റിക്കാതെ ചക്കപ്പഴവും പ്രേക്ഷകര്‍ സ്വീകരിച്ചു. സാധാരണ ഒരു വീട്ടിലുണ്ടാകുന്ന സംഭവ വികാസങ്ങളെ അതേപടി പ്രേക്ഷകര്‍ക്ക് മുന്പിലെത്തിക്കുക എന്ന ശൈലിയാണ് ചക്കപ്പഴവും പിന്തുടര്ന്നത്. അശ്വതി ശ്രീകാന്ത്, എസ് പി ശ്രീകുമാര്‍ എന്നീ താരങ്ങളാണ് ചക്കപ്പഴത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
സീരിയലില്‍ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി രജനീകാന്ത് അവതരിപ്പിക്കുന്നത്. ഒരു ആണ്‍കുട്ടിയുടെ അമ്മയായാണ് ശ്രുതി ചക്കപ്പഴത്തില്‍ അഭിനയിക്കുന്നത്. അമ്മയും മോനുമായി അഭിനയിക്കുന്ന ഇരുവരുടെയും ഐക്യം കണ്ടിട്ട് കുട്ടി ശരിക്കും പൈങ്കിളിയുടെ മകനാണോ എന്ന അന്വേഷണവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ വിവാഹിതയല്ലെന്നും കുട്ടിയുടെ പേര് റൈഹു എന്നാണെന്നും അവന് സ്വന്തം കുട്ടിയല്ലെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു. വിവാഹിതയല്ലാത്ത താന്‍ അമ്മയായി അഭിനയിക്കുന്നത് പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ തുടക്കത്തില്‍ സംശയമുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.
റൈഹുവിനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് ശ്രുതി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്. പിറന്നാളിന് കുഞ്ഞിന് ആശംസകള്‍ നേര്‍ന്നു ശ്രുതി പോസ്റ്റ് ചെയ്തിരുന്നു. അമ്മയുടെ സ്വര്‍ണ്ണ ഉണ്ടയ്ക്ക്, എന്റെ വളര്‍ത്തു മകന് പിറന്നാളാശംസകള്‍ എന്നാണ് ശ്രുതി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. സീരിയലില്‍ ശ്രുതിയുടെ ഭര്‍ത്താവായ ശിവന്റെ വേഷം ചെയ്തത് അര്ജുന് സോമശേഖറായിരുന്നു. എന്നാല്‍ ഇടയ്ക്ക് അര്ജുന് സീരിയല്‍ വിട്ടുപോയത് ആരാധകരില്‍ പലരേയും വിഷമിപ്പിച്ചിരുന്നു. ശിവന്റെ പെണ്ണേയെന്ന വിളി കേള്‍ക്കാനൊരു രസമുണ്ടായിരുന്നു എന്നാണ് പലരുടേയും അഭിപ്രായം.
ചക്കപ്പഴം എന്ന സീരിയല്‍ തുടങ്ങിയപ്പോള്‍ തനിക്ക് ഏറെ ആശങ്കകളുണ്ടായിരുന്നുവെങ്കിലും പിന്നീട് കൂളാവുകയായിരുന്നു എന്ന് ശ്രുതി പറഞ്ഞു. കോവിഡ് കാലത്ത് ഇങ്ങനെയൊരു സീരിയലുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നതെന്നും ശ്രുതി പറഞ്ഞു. ആസിഫ് അലി ചിത്രമായ കുഞ്ഞെല്‍ദോയില്‍ ശ്രുതി ഒരു പ്രധാന വേഷം ചെയ്തിരുന്നു. അനൂപ് മേനോന് ചിത്രമായ പത്മയിലും അഭിനയിച്ചിട്ടുണ്ട്.