‘വീണ്ടും അധ്യാപകന്റെ കൊടും ക്രൂരത; വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി, തുടര്‍ച്ചയായി ചവിട്ടി അധ്യാപകന്‍’; കണ്ണില്ലാത്ത ക്രൂരതയുടെ വീഡിയോ

0

മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ കണ്ണിലേക്ക് പേന എറിഞ്ഞ് വിദ്യാര്‍ത്ഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയുടെ വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു നമ്മള്‍ കേട്ടത്. കണ്ടല ഗവ.ഹൈസ്‌കൂളില്‍ 2005 ജനുവരി 18 ന് നടന്ന സംഭവത്തില്‍ അധ്യാപികയ്ക്ക് കോടതി ശിക്ഷ വിധിച്ചപ്പോഴാണ് സംഭവം വീണ്ടും ചര്‍ച്ചയായത്.

ക്ലാസിനിടെ സംസാരിച്ചുവെന്ന് പറഞ്ഞ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന കുട്ടിക്ക് നേരെ പേന എറിയുകയായിരുന്നു. പേന കണ്ണില്‍ തറച്ച് കുട്ടിയുടെ കാഴ്ച നഷ്ടപെട്ടിരുന്നു. ഈ സംഭവത്തില്‍ പതിനാറ് വര്‍ഷത്തിന് ശേഷം അധ്യാപികയ്ക്ക് കോടതി കഠിന തടവ് വിധിച്ചിരുന്നു.

മലയന്‍കീഴ് കണ്ടല ഗവണ്മെന്റ് സ്‌കൂളിലെ അധ്യാപികയും തുങ്ങാംപാറ സ്വദേശിയുമായ ഷെരീഫാ ഷാജഹാനാണ് ഒരു വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും തിരുവനന്തപുരം പോക്‌സോ കോടതി വിധിച്ചത്. ഇപ്പോള്‍ ഇത്തരത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലുന്ന അധ്യാപകന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നിലത്ത് മുട്ടുകുത്തി നിര്‍ത്തി ആണ്‍കുട്ടിയെ വടി കൊണ്ട് തല്ലുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ചിദംബരത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.

12-ാം ക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ക്ലാസില്‍ കൃത്യമായി വരാത്തതിനാണ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത്. മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ചാണ് അധ്യാപകന്റെ കൊടു ക്രൂരത. ക്ലാസിലെ തന്നെ മറ്റ് കുട്ടികളാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അധ്യാപകനെതിരെ പ്രതിഷേധം ഉയരുകയാണ്.അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.