“പിറന്ന മണ്ണിനായി പ്രാണന്‍ നല്‍കിയ സൈനികന്‍”; ധീരജവാന്‍ വൈശാഖിന് ആദരാഞ്ജലി അര്‍പ്പിച്ച് സുരേഷ് ഗോപി, വീരമൃത്യു വരിച്ചത് കുടുംബത്തിന്റെ ഏക അത്താണി

0

ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ധീര ജവാന് ആദരാഞ്ജലികളുമായി സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി വീരമൃത്യു വരിച്ച മലയാളി ധീര ജവാന് ആദരാജ്ഞലി അര്‍പ്പിച്ചത്.

ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ പിറന്ന മണ്ണിനായി പ്രാണന്‍ നല്‍കിയ മലയാളി സൈനികന്‍ കൊട്ടാരക്കര ഓടാനവട്ടം സ്വദേശി എച്ച്. വൈശാഖിന് ആദരാഞ്ജലികള്‍- എന്ന് ജവാന്റെ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചു.

കഴിഞ്ഞ ദിവസമാണ് പൂഞ്ചില്‍ പാകിസ്താന്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ മലയാളി ജവാന്‍ എച്ച്. വൈശാഖ് മരിക്കുന്നത്. വൈശാഖിനെ കൂടാതെ ഒരു ഓഫീസറടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. വൈശാഖിനെ കൂടാതെ ജൂനീയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ജസ് വീന്ദ്രര്‍ സിങ്, നായിക് മന്‍ദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജന്‍ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികര്‍.

പൂഞ്ചിലെ വനമേഖലയില്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരര്‍ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു.
ഇവിടെ വച്ച് ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലില്‍ അഞ്ച് സൈനീകര്‍ വീരമൃത്യു വരിച്ചു. പിന്നാലെ സൈന്യം തിരിച്ചടിച്ചു. തിരിച്ചടിയില്‍ നാല് ഭീകരരെ വധിച്ചു.

അതേസമയം വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്.വൈശാഖിന്റെ സംസ്‌കാരം ഇന്ന് നടക്കും. കൊട്ടാരക്കര ഓടനാവട്ടത്തെ വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെ ഉച്ചയ്ക്കാണ് സംസ്‌കാരം. 2017ല്‍ 19ാം വയസ്സിലാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന വൈശാഖ് ഇക്കഴിഞ്ഞ ഓണത്തിനാണ് നാട്ടില്‍ അവസാനമായി വന്നത്.