ദേഹത്തേക്ക് വാഴമറിഞ്ഞ് വീണതിന് തൊഴിലാളിക്ക് നഷ്ട പരിഹാരം നല്കിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വാഴ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് നാല് കോടി രൂപയാണ് തൊഴിലുടമ തൊഴിലാളിക്ക് നല്‍കേണ്ടി വന്നത്. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റ് എന്ന സ്ഥലത്താണ് ഈ സംഭവം നടക്കുന്നത്.
ജെമി ലോംഗാബോട്ടം എന്നയാള്‍ക്ക് വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ വാഴ ദേഹത്തേക്ക് മറിഞ്ഞ് വീണ് പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ തൊഴിലാളിക്ക് 4 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റ് സുപ്രീംകോടതി വിധിക്കുകയായിരുന്നു. 2016 ജൂണില്‍ നടന്ന അപകടത്തിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
വാഴക്കുലകള്‍ വെട്ടിമാറ്റുന്നതിനിടെ കുലച്ചു നിന്ന വാഴ ജെമിയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. പിന്നാലെ തനിക്ക് അപകടം സംഭവിക്കാന്‍ കാരണം കമ്പനിയുടെ അശ്രദ്ധയാണെന്ന് കാണിച്ച് ജെമി പരാതി നല്‍കുകയായിരുന്നു. വലിപ്പമുള്ള വാഴക്കുല മുറിക്കാന്‍ തനിക്ക് പരീശീലനം നല്‍കിയിരുന്നില്ലെന്നും ഇതാണ് അപകടകാരണമെന്നുമായിരുന്നു ജെമി പരാതിയില്‍ പറഞ്ഞത്.
തന്റെ ദേഹത്തേക്ക് വീണ വാഴ 70 കിലോ ഉണ്ടെന്നും ജെമി പറഞ്ഞിരുന്നു. ജെമിയുടെ പരാതി കേട്ട കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. കമ്പനിയുടെ അനാസ്ഥയാണെന്ന് കണ്ടെത്തിയ കോടതി ജെമിക്ക് നഷ്ടപരിഹാരമായി 502,740 ഡോളര്‍ നല്‍കണമെന്ന് വിധിക്കുകയായിരുന്നു.
Recent Comments