മിർസാപൂർ വെബ് സീരീസിന്റെ അണിയറ പ്രവർത്തകർക്ക് സുപ്രിംകോടതിയുടെ നോട്ടീസ്

0

ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്ന വെബ് സീരീസ് മിർസാപുരിന്റെ അണിയറ പ്രവർത്തകർക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു. വെബ് സീരീസിൽ ഉത്തർപ്രദേശിലെ മിർസാപുരിനെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി നോട്ടീസ് അയച്ചത്. അണിയറ പ്രവർത്തകർക്ക് പുറമേ ആമസോൺ പ്രൈമിനോടും വിശദീകരണമാവശ്യപ്പെട്ട് സുപ്രിംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മയക്കുമരുന്നിന്റെയും അധോലോകത്തിന്റെയും കേന്ദ്രമായാണ് മിർസാപൂരിനെ വെബ്‌സീരിസിൽ അവതരിപ്പിക്കുന്നത്.

2018, 2020 വർഷങ്ങളിൽ രണ്ട് സീസണുകളായെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ് മിർസാപൂർ. കരൺ അനുഷ്മാൻ, ഗുർമീത് സിംഗ്, മിഹിർ ദേശായി എന്നിവരാണ് വെബ് സീരീസ് സംവിധായകർ. മിർസാപുർ സീസൺ ആദ്യഭാഗത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് രണ്ടാംഭാഗവുമായി അണിയറപ്രവർത്തകരെത്തിയത്. അർവിന്ദ് ചതുർവേദി എന്നയാളാണ് മിർസാപൂർ കോട്വാലി പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയത്. വിന്ധ്യാവാസിനി ദേവിയുടെ ക്ഷേത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന മിർസാപൂരിന്റെ പ്രതിച്ഛായയെ വെബ് സിരീസ് മോശമാക്കുന്നുവെന്നും പ്രദേശവാസികളുടെ മത, സാമൂഹിക വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

പങ്കജ് ത്രിപാഠി, അലി ഫസൽ, ദിവ്യേന്ദു ശർമ്മ, ശ്വേത ത്രിപാഠി ശർമ്മ, രസിക ദുഗൽ, ഹർഷിത ഗൗർ, അമിത് സിയാൽ, അഞ്ജു ശർമ, ഷീബ ചദ്ദ, മനു റിഷി ചദ്ദ, രാജേഷ് തിലാങ് എന്നിവരാണ് മിർസാപൂർ സീസൺ 2ൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഉയർന്ന പരാതികളിലാണ് താണ്ഡവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രമുഖ ബിജെപി നേതാക്കളും ഹിന്ദുത്വ സംഘടനകളും സിരീസിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ക്യാമ്പയ്‌നും വെബ്‌സീരീസിനെതിരെ നടന്നിരുന്നു. ഇതിന് ശേഷം വെബ് സിരീസിന്റെ അണിയറ പ്രവർത്തകർ മാപ്പ് അപേക്ഷിച്ച് രംഗതെത്തിയിരുന്നു.